
കാളികാവ്: കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിൽ കണ്ട കടുവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടി വനം വകുപ്പ് തുടങ്ങി. ജനവാസ മേഖലയിൽ ഒരിക്കൽ കൂടി കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചാൽ കെണി സ്ഥാപിക്കും.
തിങ്കളാഴ്ച്ച രാവിലെ എസ്റ്റേറ്റിലെ തൊഴിലാളികളാണ് കടുവയെ കണ്ടത്. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തെരച്ചിലിൽ കടുവ വേട്ടയാടി കൊന്ന കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. മലയോര ഹൈവേയിൽ നിന്നും കേരള പഴയ കടയ്ക്കൽ ഗവ.യു.പി സ്‌കൂളിനും 700 മീറ്റർ മാത്രം അകലെയാണ് കടുവയുടെ സാന്നിദ്ധ്യമുള്ളത്.
കടുവയെ കണ്ടത് മുതൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ആർ.ആർ.ടി അംഗങ്ങളും സ്ഥലത്തുണ്ട്. പ്രദേശവാസികളും തൊഴിലാളികളും ഭീതിയിലാണ്. കടുവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ തുടരുകയാണെന്നാണ് അധികൃതർ പറയുന്നത്.കെണി വെച്ച് പിടിച്ചാൽ തന്നെ കാട്ടിൽ കൊണ്ടുപോയി വിടണം. വിരട്ടി ഓടിച്ചാൽ പിന്നീട് താഴെ ഇറങ്ങാൻ സാദ്ധ്യതയില്ലെന്ന നിഗമനത്തിലാണ് അധികൃതർ. അധികൃതർക്കൊപ്പം നാട്ടുകാരും രംഗത്തിറങ്ങിയിട്ടുണ്ട്.ചൊവ്വാഴ്ചയും കാടു കയറ്റാനുള്ള പ്രവർത്തനം നടത്തി. ആളുകൾ പേടിക്കേണ്ടതില്ലെന്നും സുരക്ഷാ നടപടികളുമായി രംഗത്തുണ്ടെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |