SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

വേട്ടേക്കോട് മാലിന്യം നീക്കൽ : രണ്ടാഴ്ചക്കകം പ്രവൃത്തി ആരംഭിക്കും

മഞ്ചേരി: നഗരസഭയുടെ ഉടമസ്ഥതയിൽ വേട്ടേക്കോടുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ഖര മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി രണ്ടാഴ്ചക്കകം ആരംഭിക്കും. ഇതിന് മുന്നോടിയായി പരിസരവാസികളെ ഉൾപ്പെടുത്തി യോഗം ചേർന്നു. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി സഹകരിച്ചാണ് (കെ.എസ്.ഡബ്ള്യു.എം.പി) പ്രവൃത്തി നടത്തുന്നത്.
നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എം.എസ് കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. നിലവിൽ മലപ്പുറം നഗരസഭയുടെ പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ പ്രവൃത്തി നടന്നുവരികയാണ്. ഇത് പൂർത്തിയാക്കി അടുത്ത ദിവസം തന്നെ ഇതിനാവശ്യമായ യന്ത്രങ്ങൾ വേട്ടേക്കോട് എത്തിക്കും. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യങ്ങൾ ബയോമൈനിംഗും ബയോ റെമഡിയേഷനും നടത്തി നിലവിലുള്ള ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ ഭൂമി പഴയ രൂപത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. തുടർന്ന് ലോക ബാങ്കിന്റെ സഹായത്തോടെ ഈ സ്ഥലത്ത് ബയോ പാർക്ക് നിർമ്മിക്കാനും പദ്ധതിയുണ്ട്. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും യന്ത്രങ്ങൾ ഉപയോഗിച്ച് പ്രവൃത്തി നടത്തും. കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ കോരിയെടുത്ത് വേർതിരിച്ച് ഖരമാലിന്യങ്ങൾ സിമന്റ് കമ്പനിയിലേക്ക് കയറ്റി അയക്കും.
മഴക്കാലത്തിന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ചെയർപേഴ്സൺ വി.എം. സുബൈദ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പ്രവൃത്തി നടത്തണമെന്ന് വാർഡ് കൗൺസിലർ ബേബി കുമാരി പറഞ്ഞു. പ്രവൃത്തി സംബന്ധിച്ചുള്ള കാര്യങ്ങൾ കെ.എസ്.ഡബ്യൂ. എം.പി പ്രതിനിധികൾ വിശദീകരിച്ചു.

മുൻകരുതലുകളെടുക്കും
പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കും. വേനൽക്കാലം ആയതിനാൽ തീപിടിത്തം ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കും. സ്ഥലത്ത് ചുറ്റും ഗ്രീൻ നെറ്റ് സ്ഥാപിക്കും. പൊടിപടലം തടയുന്നതിനായി ടാങ്കിൽ വെള്ളമെത്തിച്ച് പമ്പ് ചെയ്യും. പ്രവൃത്തി സുതാര്യമാക്കുന്നതിന് പ്രദേശവാസികളെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ്പ് തയ്യാറാക്കും. പ്രവൃത്തിയുടെ വിവരങ്ങളും മറ്റും ഇതിലൂടെ ജനങ്ങളെ അറിയിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL