SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.15 AM IST

പാമ്പ് കടിയേറ്റാൽ 12 ആശുപത്രികളിൽ ചികിത്സാസൗകര്യം ജില്ലയിലുണ്ട് 1,060 ആന്റീവെനം വയൽ

മലപ്പുറം: കൃത്യസമയത്ത് ചികിത്സ തേടുകയെന്നത് പാമ്പ് കടിയേറ്റവരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമാണ്. ആന്റീവെനമില്ലാത്ത ആശുപത്രികളിൽ കയറിയിറങ്ങി വിലപ്പെട്ട സമയം കളയരുത്. ജില്ലയിൽ താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെയുള്ള 12 സർക്കാർ ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്. ഇവിടങ്ങളിൽ 1,060 ആന്റീവെനം വയൽ സ്റ്റോക്കുണ്ട്.
പാമ്പ് കടിയേറ്റാൽ ആന്റിവെനത്തിന്റെ ആദ്യ ഡോസ് നൽകുക എന്നത് ഏറെ പ്രധാനമാണ്. ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നത് തടയാൻ ഇതു സഹായിക്കും. പാമ്പ് കടിയുടെ തോതനുസരിച്ച് രോഗികളെ ഐ.സി.യു, വെന്റിലേറ്റർ, ഡയാലിസിസ് സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് മാറ്റും. ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും ഈ സൗകര്യങ്ങളില്ല. എന്നാൽ ജില്ലാ ആശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളേജിലും ഇവയുണ്ട്. ഏറെ സങ്കീർണ്ണാവസ്ഥയിലുള്ള രോഗികളെ ആവശ്യമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റാനാവും. ഇത്തരം കേസുകൾ കൂടുതലായി കൈകാര്യം ചെയ്യുന്നതും പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായി പ്രത്യേക സൗകര്യങ്ങളും കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ട്. പാമ്പ് കടിയേൽക്കുന്നവരിൽ നല്ലൊരുഭാഗം ആളുകൾക്കും ആദ്യഡോസ് ആന്റീവെനം നൽകുന്നതോടെ തന്നെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി പ്രകടമാവാറുണ്ട്. താലൂക്ക് ആശുപത്രികളിൽ ഉൾപ്പെടെ ആന്റീവെനമുള്ള സാഹചര്യത്തിൽ അധികദൂരം സഞ്ചരിക്കാതെ തന്നെ ജീവൻരക്ഷാ ചികിത്സ ഉറപ്പാക്കുന്ന സാഹചര്യം ജില്ലയിലുണ്ട്.

പാമ്പ് കടിയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിൽ ജില്ലയിലെ താലൂക്ക് മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളിൽ പുതുതായി പ്രവേശിച്ച കാഷ്വാലിറ്റി ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പരിശീലനം നൽകാനാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ തീരുമാനം.

ആന്റിവെനം ഇവിടെയുണ്ട്

താലൂക്ക് ആശുപത്രി

മലപ്പുറം, കുറ്റിപ്പുറം, വണ്ടൂർ, അരീക്കോട് താലൂക്ക് ആശുപത്രികൾ,​ പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ,​ പൊന്നാനി വുമൺ ആന്റ് ചിൽഡ്രൻ ഹോസ്പിറ്റൽ.

മറ്റ് ആശുപത്രികൾ

തിരൂർ, നിലമ്പൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികൾ,​ മഞ്ചേരി മെഡിക്കൽ കോളേജ്. കൂടാതെ ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലും ആന്റീവെനം ലഭ്യമാണ്.

പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം മറ്റ് പല ജില്ലകളെയും അപേക്ഷിച്ച് താരതമ്യേനെ കുറവാണ്. കൂടുതൽ കേസുകളും മലയോര മേഖലകളിൽ നിന്നാണ് വരുന്നത്.
ഡോ. ഫിറോസ് ഖാൻ , ഡെപ്യൂട്ടി ഡി.എം.ഒ

ജില്ലയിൽ ആവശ്യത്തിന് ആന്റിവെനം സ്റ്റോക്കുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആശങ്ക വേണ്ട
ഡോ. ജയന്തി,​ ഡി.എം.ഒ

പ്രഥമ ശുശ്രൂഷ ഇങ്ങനെ

പാമ്പ് കടിയേറ്റയാളെ ശാന്തമാക്കുക. ഭീതി സൃഷ്ടിക്കരുത്. വിഷം പെട്ടെന്ന് ശരീരത്തിൽ വ്യാപിക്കാൻ കാരണാമായേക്കാമെന്നതിനാൽ കടിയേറ്റയാളെ ഓടാനോ, നടക്കാനോ അനുവദിക്കരുത്. എടുത്തോ, സ്‌ട്രെച്ചറിൽ കയറ്റിയോ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുകയെന്നതാണ് പ്രധാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, MEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL