മലപ്പുറം: ട്രെൻഡുകൾക്ക് പിറകെ കണ്ണടച്ച് ഓടാതെ സ്വന്തം അഭിരുചിയും താൽപ്പര്യവും തിരിച്ചറിഞ്ഞ് വേണം തുടർപഠനം തിരഞ്ഞെടുക്കാനെന്ന് എ.ഐ.ഇ.സി.സി.എ നാഷണൽ വെസ് പ്രസിഡന്റ് പ്രദീഷ് ഗോകുലം പറഞ്ഞു. കേരളകൗമുദിയും നിലമ്പൂർ റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ അതിവേഗം വർദ്ധിക്കുന്ന കാലഘട്ടമാണിന്ന്. എ.ഐ, ഡിജിറ്റൽ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ വിദേശ പഠനം വലിയൊരു ലോകമാണ് തുറന്നിടുന്നത്. യു.കെ, യു.എസ്.എ, കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിലെ സർവകലാശാലകൾ ഇത്തരം അത്യാധുനിക കോഴ്സുകൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള പ്രായോഗിക പരിശീലനവും മികച്ച ലാബ് സൗകര്യങ്ങളുമാണ് ഒരുക്കുന്നത്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വിദേശ ബിരുദം വിദ്യാർത്ഥികൾക്ക് പ്രമുഖ മൾട്ടിനാഷണൽ കമ്പനികളിലേക്ക് നേരിട്ടുള്ള തൊഴിൽ അവസരങ്ങളും നൽകുന്നുണ്ട്. വ്യത്യസ്ഥ രാജ്യങ്ങളിൽ നിന്നുള്ളവരുമായി ഇടപഴകാനും ആഗോള തൊഴിൽ സംസ്‌കാരം നേരിട്ട് മനസ്സിലാക്കാനും ഇത് സഹായിക്കും.
അത്യാധുനിക ഡിജിറ്റൽ കോഴ്സുകൾ വിദേശത്ത് പോയി പഠിക്കുക സ്വപ്നമാണെങ്കിലും കൃത്യമായ ആസൂത്രണം ആവശ്യമാണ്. ഏത് രാജ്യം തിരഞ്ഞെടുക്കണം, മികച്ച സർവ്വകലാശാല ഏതാണ്, ലഭ്യമായ സ്‌കോളർഷിപ്പുകൾ ഏതൊക്കെയാണ്, ഐ.ഇ.എൽ.ടി.എസ് പോലെയുള്ള പ്രവേശന പരീക്ഷകൾക്ക് എങ്ങനെ തയ്യാറെടുക്കണം എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണം. ശരിയായ ലക്ഷ്യബോധത്തോടെയും കഠിനാദ്ധ്വാനത്തോടെയും മുന്നേറിയാൽ ലോകത്തിന്റെ ഏത് കോണിലും മികച്ചൊരു ഭാവി കെട്ടിപ്പടുക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നും പ്രദീഷ് ഗോകുലം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |