SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.47 AM IST

ഭാവി സ്വപ്നങ്ങൾക്ക് ചിറകേകി കേരളകൗമുദി കരിയർ ഗൈഡൻസ് സെമിനാർ

x
c

നിലമ്പൂർ: കേരളകൗമുദിയും നിലമ്പൂർ റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാറും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവും ശ്രദ്ധേയമായി. നിരവധി വിദ്യാർത്ഥികളാണ് നിലമ്പൂർ ഐശ്വര്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിലേക്കെത്തിയത്. തുടർ പഠനം സംബന്ധിച്ച വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും പരിഹാരം നൽകാൻ സെമിനാറിലൂടെ സാധിച്ചുവെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
നിലമ്പൂർ റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണ്ണർ എം.ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഓരോ വിദ്യാർത്ഥിയും തങ്ങളുടെ ഉള്ളിലെ യഥാർത്ഥ കഴിവ് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ ചരിത്രം സൃഷ്ടിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ കാലഘട്ടത്തിൽ പരീക്ഷകളും മാർക്കുകളും റാങ്കുകളും പ്രധാനപ്പെട്ടവയാണ്; എന്നാൽ അവ മാത്രമാണ് ജീവിത വിജയത്തിന്റെ അളവുകോലെന്ന് കരുതുന്നത് തെറ്റാണ്. പുസ്തകങ്ങളിൽ നിന്ന് നേടുന്ന അറിവിനൊപ്പം മറ്റുള്ളവരോട് കരുണയും സ്‌നേഹവും ബഹുമാനവും കാണിക്കാനുള്ള വിവേകം കൂടി ഉണ്ടാകുമ്പോഴാണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നത്. തുടർപഠനത്തിലേക്ക് കടക്കുമ്പോൾ തങ്ങളുടെ അഭിരുചിക്കാണ് പ്രധാന്യം നൽകേണ്ടത്. രാജ്യത്തിന്റെ ഭാവി യുവാക്കളിലാണ്. യുവാക്കളെ ചേർത്ത് പിടിച്ച് റോട്ടറി ക്ലബ് റോട്ടറൽ ക്ലബുകൾ ആരംഭിക്കുമെന്നും ഷാനവാസ് പറഞ്ഞു. നിലമ്പൂർ റോട്ടറി ക്ലബ് പ്രസിഡന്റ് എം.പി.സുധാകരൻ അദ്ധ്യക്ഷനായി.
ജി.ജി.ആർ ഇലക്ട് 2026-2027 ടി.സി.അബ്ദുൽ സമദ് മുഖ്യപ്രഭാഷണം നടത്തി. ഭൂമിയിലെ സർവ്വചരാചരങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ റോട്ടറി ക്ലബ് എന്നും മുന്നിട്ടറങ്ങിയിട്ടുണ്ടെന്നും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഉന്നമത്തിന് വലിയ പ്രധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ.ഗോപിനാഥൻ അനുഗ്രഹ പ്രഭാഷണം നടത്തി. കേരളകൗമുദി ദിനപത്രം എന്നും സത്യത്തിനൊപ്പമാണ് നിലനിന്നിട്ടുള്ളതെന്നും പത്രാധിപർ കെ.സുകുമാർ നയിച്ച വഴിയിലൂടെ ഇന്നും സഞ്ചരിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

എഡ്യുക്കേഷണലിസ്റ്റ് തോമസ്.പി.തോമസ്, എ.ഐ.ഇ.സി.സി.എ നാഷണൽ വെസ് പ്രസിഡന്റ് പ്രദീഷ് ഗോകുലം കരിയർ ഗൈഡൻസ് ക്ലാസെടുത്തു. കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി സ്വാഗതം പറഞ്ഞു. കേരളകൗമുദി നിലമ്പൂർ ലേഖകൻ ടി.എ.രാജഗോപാൽ, കരിയർ എക്സ്‌പേർട്ട് അഫ്സൽ തോട്ട്സ് ആശംസയർപ്പിച്ചു. മുൻ റോട്ടറി ക്ലബ് പ്രസിഡന്റ് സന്ധ്യ ബാലൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL