നിലമ്പൂർ: നമ്മുടെ ലക്ഷ്യമെന്തന്ന് മുൻകൂട്ടി തീരുമാനിക്കേണ്ടത് അനിവാര്യമാണെന്നും അതിനനുസൃതമായി പരിശ്രമിച്ചാൽ വിജയം ഉറപ്പെന്നും എഡ്യുക്കേഷണലിസ്റ്റ് തോമസ്.പി.തോമസ് പറഞ്ഞു. കേരളകൗമുദിയും നിലമ്പൂർ റോട്ടറി ക്ലബും സംയുക്തമായി നിലമ്പൂർ ഐശ്വര്യ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാറും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവും പരിപാടിയിൽ കരിയർ ഗൈഡൻസ് ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവർ എന്ത് തിരഞ്ഞെടുക്കുന്നു എന്ന് നോക്കാതെ സ്വന്തം അഭിരുചി തിരിച്ചറിഞ്ഞ് പഠനശാഖ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. നാം പഠിക്കുന്ന വിഷയം തന്നെയാണ് നാളെ നമ്മുടെ തൊഴിലായി മാറുന്നത്. അഭിരുചിക്കനുസരിച്ച് ജോലി ചെയ്യുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. ഇത് കരിയറിലെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും മാനസിക സംതൃപ്തിക്കും വഴിതെളിക്കും.
ഡിമാൻഡുള്ള കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്ക് തൊഴിലില്ലായ്മയെക്കുറിച്ച് ആശങ്കപ്പെടേണ്ടി വരില്ല. സാങ്കേതികവിദ്യ അതിവേഗം വളരുന്ന ഒരുകാലഘട്ടമാണിത്. അതിനനുസൃതമായി നിരവധി കോഴ്സുകളും മുന്നിലുണ്ട്. ശരിയായ ആസൂത്രണത്തോടെയുള്ള കോഴ്സ് തിരഞ്ഞെടുപ്പ് ജീവിത വിജയം എളുപ്പമാക്കും. കുട്ടികളുടെ കഴിവുകളെയും താല്പര്യങ്ങളെയും തിരിച്ചറിഞ്ഞ് അവർക്ക് പിന്തുണ നൽകേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. വളർന്ന് വരുന്ന പുതിയ തൊഴിൽ സാദ്ധ്യതകളെ മനസ്സിലാക്കാൻ രക്ഷിതാക്കളും പൂർണ്ണ പിന്തുണ നൽകണം. നമ്മുടെ മുന്നിലുള്ള അവസരങ്ങളെ തിരിച്ചറിയാനുള്ള വിവേകമാണ് പ്രധാനം. അവസരങ്ങൾ നമുക്ക് മുന്നിലുണ്ട്, അവയെ തിരിച്ചറിയാനുള്ള വിവേകമാണ് വേണ്ടതെന്ന് തോമസ്.പി.തോമസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |