SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

പ്രതീക്ഷയുടെ ചൂളം വിളി: ഷൊർണൂരിനും കോഴിക്കോടിനും ഇടയിൽ പുതിയ സായാഹ്ന ട്രെയിൻ പരിഗണനയിൽ

news

തിരൂർ: ഷൊർണൂരിനും കോഴിക്കോടിനുമിടയിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്ന കാര്യം റെയിൽവേ ഗൗരവമായി പരിഗണിക്കുന്നതായി വിവരം. കഴിഞ്ഞ ദിവസം ചേർന്ന ഡിവിഷനൽ റെയിൽ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് കോഴിക്കോട് ഭാഗത്തേക്ക് വൈകുന്നേരങ്ങളിൽ അനുഭവപ്പെടുന്ന യാത്രാക്ലേശത്തിന് പരിഹാരം കാണുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയത്. മുൻപ് സർവീസ് നടത്തിയിരുന്ന തൃശൂർ–കോഴിക്കോട് പാസഞ്ചറും ഷൊർണൂർ–കോഴിക്കോട് പാസഞ്ചറും നിർത്തലാക്കിയതോടെയാണ് വൈകീട്ടുള്ള യാത്രാക്ലേശം രൂക്ഷമായത്. ഷൊർണൂർ–കോഴിക്കോട് പാതയിൽ കോറിഡോർ മെയിന്റനൻസ് പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ പിൻവലിച്ചതെന്നാണ് റെയിൽവേയുടെ വിശദീകരണം.

വൈകിട്ട് 5.20 മുതൽ രാത്രി 8.20 വരെയാണ് പാതയിൽ മെയിന്റനൻസ് പ്രവർത്തനങ്ങൾ നടക്കുന്നത്. ട്രെയിനുകൾ നിർത്തലാക്കിയതോടെ യാത്രക്കാർ വലിയ ദുരിതത്തിലായി. വിഷയത്തിൽ യാത്രക്കാരുടെ സംഘടനകൾ നിരവധി തവണ പ്രതിഷേധവുമായി രംഗത്തെത്തി. മലബാർ റെയിൽ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുകയും പാലക്കാട് ഡിവിഷൻ ഓഫിസിന് മുന്നിൽ പലതവണ സമരം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല.

ഡിവിഷനൽ റെയിൽ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലെ അംഗം പി.പി.അബ്ദുറഹ്മാൻ തുടർച്ചയായി അഞ്ച് യോഗങ്ങളിലായി ഈ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ യോഗത്തിലും വിഷയം ശക്തമായി അവതരിപ്പിച്ചതോടെയാണ് റെയിൽവേ അധികൃതർ പുതിയ സാധ്യതകൾ

പരിശോധിക്കാൻ തയ്യാറായത്.

നിലവിലെ സാഹചര്യത്തിൽ വൈകീട്ട് 5.20ന് ശേഷം പാതയിൽ ട്രെയിൻ ഓടിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. എന്നാൽ വൈകിട്ട് 5 മണിക്ക് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന രീതിയിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാനാകുമോ എന്നത് പരിശോധിക്കാമെന്ന് അറിയിച്ചു. പുതിയ ട്രെയിൻ യാഥാർഥ്യമായാൽ പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

മണിക്കൂറുകളോളം ട്രെയിനില്ല

നിലവിൽ വൈകിട്ട് 5.20ന് തിരൂരിൽ നിന്ന് പുറപ്പെടുന്ന കണ്ണൂർ എക്സ്പ്രസിന് ശേഷം രാത്രി ഒമ്പത് ണിക്ക് പുറപ്പെടുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ് മാത്രമാണ് കോഴിക്കോട് ഭാഗത്തേക്കുള്ള പ്രധാന ആശ്രയം. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾക്ക് വഴി നൽകുന്നതിനായി എക്സിക്യൂട്ടീവ് എക്സ്പ്രസ് പല സ്റ്റേഷനുകളിലും പിടിച്ചിടുന്നതും യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിക്കുന്നുണ്ട്. പുതിയ ട്രെയിൻ സർവീസ് സംബന്ധിച്ച റെയിൽവേയുടെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് മലബാറിലെ യാത്രക്കാർ. വർഷങ്ങളായുള്ള ആവശ്യം സഫലമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL