SignIn
Kerala Kaumudi Online
Sunday, 12 July 2026 10.48 AM IST

വലിയ വിമാന സർവീസുകൾ ഡിസംബറോടെ പുനരാരംഭിക്കും: ടി.പി. അഷറഫലി എം.എൽ.എ എയർപോർട്ട് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി

കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസുകൾ ഈ വർഷം ഡിസംബറോടെ പുനരാരംഭിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ മുകേഷ് യാദവ് അറിയിച്ചു. വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ടി.പി. അഷറഫലി എം.എൽ.എയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റൺവേ സുരക്ഷാ മേഖലയുടെ നിർമ്മാണം നിലവിൽ 65 ശതമാനത്തോളം പൂർത്തിയായി. ഡിസംബർ അവസാനത്തോടെ ഈ പ്രവൃത്തികൾ പൂർണ്ണമായി അവസാനിപ്പിച്ച്, ആവശ്യമായ മറ്റ് സുരക്ഷാ നടപടികൾ കൂടി പൂർത്തിയാക്കിയ ശേഷമായിരിക്കും വലിയ വിമാനങ്ങൾക്ക് വീണ്ടും അനുമതി നൽകുക.
വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് പരിസരവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്നും ഡയറക്ടർ ഉറപ്പുനൽകി. ഇതിന്റെ ഭാഗമായി ഡ്രൈനേജ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നടപ്പാക്കും. എയർപോർട്ട് ക്രോസ് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാങ്കേതിക തടസ്സങ്ങൾ വേഗം പരിഹരിച്ച് പ്രവൃത്തികൾ വേഗത്തിലാക്കും. കോഹിനൂർ എലവേറ്റഡ് ഹൈവേ, ലൈറ്റ് മെട്രോ, രാമനാട്ടുകര–എയർപോർട്ട് റോഡ്, വിമാനത്താവള വികസനത്തിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 200 കോടി രൂപയുടെ പദ്ധതികൾ എന്നിവ വേഗത്തിൽ യാഥാർത്ഥ്യമാക്കാൻ എയർപോർട്ട് അതോറിറ്റിയുടെ പൂർണ്ണ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാർ നിലവിൽ നേരിടുന്ന പരിമിതമായ യാത്രാസൗകര്യങ്ങൾ, ലഗേജ് വൈകുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, ടാക്സി ഡ്രൈവർമാരുടെ പ്രശ്നങ്ങൾ എന്നിവ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് പരിഹാരം കാണുമെന്ന് എം.എ.എയ്ക്ക് ഡയറക്ടർ ഉറപ്പുനൽകി. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൂടുതൽ ആഭ്യന്തര അന്താരാഷ്ട്ര സർവീസുകൾ, ഷട്ടിൽ ബസ് സംവിധാനം, മൾട്ടി ലെവൽ കാർ പാർക്കിംഗ് എന്നിവയും കരിപ്പൂരിൽ സജ്ജമാകും. വിമാനത്താവളത്തിന്റെ 'മാസ്റ്റർ പ്ലാൻ 2047'ന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ടുകൊണ്ടുപോകുമെന്നും പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകുമെന്നും കൂടിക്കാഴ്ചയിൽ എയർപോർട്ട് ഡയറക്ടർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL