SignIn
Kerala Kaumudi Online
Saturday, 22 August 2026 1.53 AM IST

വേണം തീരദേശപാതയിലൂടെ കോഴിക്കോട്ടേക്ക് കെ.എസ്.ആർ.ടി.സി സർവീസ്

തിരൂർ: പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ആരംഭിച്ച്

കൂട്ടായി നായർതോട് പാലം വഴിയുള്ള തീരദേശ പാതയിലൂടെ കോഴിക്കോട്ടേക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ തീരദേശ പാതയിലൂടെ കോഴിക്കോട്ടേക്ക് നേരിട്ടുള്ള കെ.എസ്.ആർ.ടി.സി സർവീസ് ഇല്ലാത്ത സാഹചര്യത്തിലാണിത്. തീരദേശ പാതയിലൂടെ കോഴിക്കോട്ടേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുന്നതിനുള്ള ആവശ്യം പി.കെ നവാസ് എം.എൽ.എയുടെ പരിഗണനയിലുണ്ട്. കൂടുതൽ പ്രദേശങ്ങളിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർവീസ് പൊന്നാനിയിൽ നിന്ന് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പൊന്നാനി–ചമ്രവട്ടം പാലം–കാവിലക്കാട്–നായർതോട് പാലം–കൂട്ടായി–ഉണ്ണിയാൽ–താനൂർ–പരപ്പനങ്ങാടി–കടലുണ്ടിക്കടവ്–ചാലിയം–ഫറോക്ക് വഴി കോഴിക്കോട് എന്ന രീതിയിൽ സർവീസ് ക്രമീകരിക്കണമെന്നാണ് ആവശ്യം.പൊന്നാനിയിൽ നിന്ന് സർവീസ് ആരംഭിക്കുന്നതിലൂടെ നായർതോട്, കൂട്ടായി, താനൂർ തുടങ്ങിയ തീരദേശ മേഖലകൾക്കു പുറമെ പുറത്തൂർ, കാവിലക്കാട് പ്രദേശങ്ങളിലെ യാത്രക്കാർക്കും നേരിട്ടുള്ള പൊതുഗതാഗത സൗകര്യം ലഭിക്കും. നിലവിൽ ഒന്നിലധികം ബസുകളെ ആശ്രയിച്ച് കോഴിക്കോട്ടേക്ക് യാത്ര ചെയ്യേണ്ടിവരുന്നവർക്കും ഇത് ഏറെ ആശ്വാസമാകും.പുലർച്ചെ പൊന്നാനിയിൽ നിന്ന് പുറപ്പെടുന്ന രീതിയിൽ സർവീസ് ക്രമീകരിച്ചാൽ വിവിധ ആവശ്യങ്ങൾക്കായി കോഴിക്കോട്ടേക്ക് പോകുന്നവർക്ക് ഏറെ പ്രയോജനപ്പെടും. കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പോകുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുലർച്ചെയുള്ള നേരിട്ടുള്ള സർവീസ് വലിയ ആശ്വാസമാകുമെന്നാണ് യാത്രക്കാരുടെ വിലയിരുത്തൽ. വിദ്യാർത്ഥികൾ, ജീവനക്കാർ, വ്യാപാരികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി ദിവസേന യാത്ര ചെയ്യുന്ന നിരവധി വിഭാഗങ്ങൾക്കും സർവീസ് പ്രയോജനപ്പെടും.

കോഴിക്കോട്ടേക്കുള്ള പുതിയ സർവീസിന്റെ പ്രധാന കണ്ണിയായി നായർതോട് പാലം മാറും.

പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ പ്രവൃത്തികൾ പൂർണമായി പൂർത്തിയായിട്ടില്ലെങ്കിലും ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിലവിൽ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്.ഇതോടെ തീരദേശ പാതയിലൂടെ വലിയ വാഹന ഗതാഗതത്തിനുള്ള സാദ്ധ്യതയും തെളിഞ്ഞിട്ടുണ്ട്.

പൊന്നാനി മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലയെ നേരിട്ട് ബന്ധിപ്പിക്കുന്ന കെ.എസ്.ആർ.ടി.സി സർവീസ് യാഥാർത്ഥ്യമാകുന്നത് ഈ പ്രദേശത്തെ പൊതുഗതാഗത രംഗത്ത് പുതിയ മുന്നേറ്റമാകുമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL