SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റ‌ർ നിർമ്മാണം സെപ്തംബറിൽ ആരംഭിക്കും

kannambra
വ്യവസായ ഇടനാഴിയുടെ ഭാഗമായി കണ്ണമ്പ്രയിൽ സ്ഥാപിക്കുന്ന സ്മാർട്ട് സിറ്റിയുടെ രൂപരേഖ.

പാലക്കാട്: കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്റെ നിർമ്മാണം സെപ്തംബർ അവസാനത്തോടെ ആരംഭിക്കും. ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 1300 കോടി രൂപയുടെ ടെൻഡർ നടപടികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും. ശേഷം 42 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ദേശീയ വ്യാവസായിക ഇടനാഴി പദ്ധതിയുടെ ഭാഗമായി നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകോത്തര നിലവാരമുള്ള വ്യാവസായിക നഗരങ്ങൾ ഇന്ത്യയിൽ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി, ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ വിപുലീകരണമായിട്ടാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുന്നത്. ഇതിന് പാലക്കാട്ടെ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ, കൊച്ചിയിലെ ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി എന്നിങ്ങനെ രണ്ട് നോഡുകളാണുള്ളത്.
ഭൂമിയേറ്റെടുക്കലിനു സംസ്ഥാന സർക്കാരും പദ്ധതിക്ക് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റുമാണ് പണം മുടക്കുക. പാലക്കാട്ടെ ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ, പുതുശ്ശേരി സെൻട്രൽ, പുതുശ്ശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നിവിടങ്ങളിലായി 1710 ഏക്കറിലാണ് വ്യാപിച്ചു കിടക്കുന്നത്. ഇതിൽ പുതുശ്ശേരി സെൻട്രലിൽ 1137 ഏക്കറും, പുതുശ്ശേരി വെസ്റ്റിൽ 240 ഏക്കറും, കണ്ണമ്പ്രയിൽ 313 ഏക്കറുമാണുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിനായി ആകെ 1844 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 1489 കോടി രൂപ സംസ്ഥാന സർക്കാർ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു. ഇതുവരെ പുതുശ്ശേരി സെൻട്രലിലും കണ്ണമ്പ്രയിലുമായി ഏകദേശം 1350 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിനായി 1789.92 കോടി രൂപയുടെ കേന്ദ്ര സർക്കാർ വിഹിതമാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് (420 ഏക്കർ), ഹൈടെക് ഇൻഡസ്ട്രീസ് (96.5 ഏക്കർ), നോൺ മെറ്റാലിക് മിനറൽ ഇൻഡസ്ട്രീസ് (62.4 ഏക്കർ), ടെക്സ്‌റ്റൈൽ ഇൻഡസ്ട്രീസ് (54.3 ഏക്കർ), റീസൈക്ലിംഗ് ഇൻഡസ്ട്രീസ് (83.9 ഏക്കർ), ഫുഡ് ആൻഡ് ബിവറേജസ് (171.18 ഏക്കർ), ഫാബ്രിക്കേറ്റഡ് മെറ്റൽ ഉൽപ്പന്നങ്ങൾ (52.94 ഏക്കർ), റബ്ബർ ആൻഡ് പ്ലാസ്റ്റിക് (30.67 ഏക്കർ) തുടങ്ങിയ വ്യവസായങ്ങളാണ് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ വിഭാവനം ചെയ്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SMARTCITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL