കപ്പൂരിലെ കുന്നിടിച്ച് മണ്ണ് കടത്ത്
പട്ടാമ്പി: കപ്പൂർ പഞ്ചായത്തിൽ ആറാം വാർഡ് പള്ളങ്ങാട്ട്ചിറ തെക്കേല പടിയിൽ സ്റ്റോപ്പിൽ കുന്നിടിച്ച് മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ജനകീയ സമരത്തിന് വിജയകരമായ പര്യവസാനം. ദേശീയ പാതയിലേക്ക് മണ്ണ് കൊണ്ടു പോകാൻ രഹസ്യമായി അനുമതി വാങ്ങിയ കമ്പനി ജീവനക്കാർ 5 ദിവസം മുൻപ് രഹസ്യമായി മുന്നൊരുക്കത്തിനായി മേഖലയിൽ എത്തി. കമ്പനിയുടെ പി.ആർ.ഒ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയോട് റവന്യൂ ജിയോളജി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ജലനിർഗ്ഗമന സാദ്ധ്യത ചർച്ച ചെയ്യണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലത്ത് എത്തിക്കാമെന്നു കമ്പനി വാക്ക് തന്നു. പിന്നീട് യാതൊരു ഉറപ്പും പാലിക്കാതെ മണ്ണ് മാന്തിയന്ത്രം ഇറക്കി കഴിഞ്ഞ ദിവസം ആദ്യ വാഹനം മണ്ണ് നിറച്ചു. എന്നാൽ പരിസര വാസികൾ വാഹനം തടഞ്ഞു. കമ്പനി സമരക്കാരെ ഭീഷണിപ്പെടുത്തി പൊലീസ് സഹായത്തോടെ മണ്ണ് നിറച്ച ലോറി ഇറക്കികൊണ്ട് പോകാൻ ശ്രമം നടത്തി. സ്ത്രീകൾ അടക്കമുള്ള പരിസര വാസികളുടെ ശക്തമായ ചെറുത്ത് നിൽപിൽ നിറച്ച ലോറിയിലെ മണ്ണ് ഉപേക്ഷിച്ച് കമ്പനി ജീവനക്കാർ ഉദ്യമം ഉപേക്ഷിച്ചു.
റവന്യൂ, ജിയോളജി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയ ശേഷം മാത്രം മണ്ണ് നീക്കം ചെയ്യുകയുള്ളൂ എന്ന പൊലിസ് ഉറപ്പിൽ ജനകീയ പ്രതിരോധം അവസാനിപ്പിച്ചു.
ബന്ധപ്പെട്ട പാലക്കാട് ജിയോളജി ഓഫീസർ, പാലക്കാട് ജില്ലാ കലക്ടർ, പട്ടാമ്പി താലൂക്ക് തഹസിൽദാർ, കപ്പൂർ വില്ലേജ് ഓഫീസർ, കപ്പൂർ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി മെയിൽ ചെയ്തു. ഇവിടുത്തെ മണ്ണെടുക്കൽ 7 വീടുകളെ നേരിട്ടും 5 വീടുകളെ ഭാഗികമായും ബാധിക്കും. മൂന്നിലധികം ശ്വാസകോശ രോഗികളും കിഡ്നി രോഗികളും കാൻസർ രോഗിയും ഇവിടെ കിടപ്പ് രോഗികളായുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |