
പാലക്കാട്: ഭക്തർക്ക് പുണ്യസുകൃതമേകാൻ കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമം. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിലെ തേരുമുട്ടിയിൽ ത്രിസന്ധ്യയ്ക്കു ദേവരഥങ്ങൾ മുഖാമുഖം എത്തുന്നതോടെ കൽപ്പാത്തിയിൽ ദേവരഥ സംഗമമാകും. ആ കാഴ്ച കണ്ടു തൊഴാൻ പതിനായിരങ്ങൾ ഒഴുകിയെത്തും.
വിശാലാക്ഷിസമേതനായ വിശ്വനാഥസ്വാമിയും മക്കളായ ഗണപതിയും വള്ളിദൈവാനസമേത സുബ്രഹ്മണ്യസ്വാമിയും ലക്ഷ്മി നാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ രഥങ്ങളുമാണ് ഇന്ന് വൈകീട്ട് കുണ്ടമ്പലത്തിനു മുന്നിൽ സംഗമിക്കുക. പുതിയ കൽപ്പാത്തി മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥാരോഹണം ഇന്നലെ നടന്നു. രാവിലെ വേദപാരായണ സമാപനത്തിന് ശേഷം രാവിലെ പത്തിനും പതിനൊന്നിനും ഇടയിലായിരുന്നു രഥാരോഹണം. വൈകീട്ട് നാലിന് തായമ്പകയ്ക്കു ശേഷം രഥപ്രയാണം തുടങ്ങി. പഴയ കൽപ്പാത്തി ലക്ഷ്മിപെരുമാൾ ക്ഷേത്രത്തിൽ ഇന്നു രാവിലെയാണ് രഥാരോഹണം. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ ഇന്ന് രാവിലെ ഒമ്പതിന് വേദപാരായണ സമാപനത്തിന് ശേഷം പത്തരയ്ക്കും പതിനൊന്നിനും ഇടയ്ക്കാണ് രഥാരോഹണം. 13നാണു കൽപ്പാത്തിയിൽ ദേവരഥ പ്രദക്ഷിണം ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |