നാളികേര കർഷകർക്ക് പേടിസ്വപ്നമായി മലയണ്ണാൻ
വടക്കഞ്ചേരി: തേങ്ങയ്ക്ക് പൊന്നുംവില ഉണ്ടായിട്ടും തെങ്ങിൽ തേങ്ങ സുലഭമായിട്ടും ഇവയുടെയൊന്നും ഗുണം ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് മലയോര മേഖലകളിലെ നാളികേര കർഷകർ. തേങ്ങ മുഴുവൻ മലയണ്ണാൻ തുരന്നു ഭക്ഷിക്കുന്നതാണ് തലവേദന ആയിരിക്കുന്നത്. കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് മലയണ്ണാന്റെ ശല്യം രൂക്ഷമായത്.
ഗ്രാമങ്ങളിൽ നാളുകളേറെയായി തമ്പടിച്ച മലയണ്ണാന് മനുഷ്യരെ പേടിയുമില്ല. ആദ്യമൊക്കെ പടക്കം പൊട്ടിച്ച് ഇവയെ അകറ്റാമായിരുന്നെങ്കിലും ഇപ്പോൾ ഇത് ഫലിക്കുന്നില്ല. മേഖലയിലെ തെങ്ങുകളിൽ നിന്ന് തേങ്ങയൊന്നും കർഷകനു കിട്ടാത്ത സ്ഥിതിയാണ്. തേങ്ങ മുഴുവൻ തുരന്ന നിലയിൽ തെങ്ങിൻ ചുവട്ടിൽ വീണുകിടക്കുകയാണ്. തേങ്ങയിലെ വെള്ളവും കാമ്പും ഭക്ഷിച്ച ശേഷം അവശിഷ്ടം താഴേക്ക് പറിച്ചിടും. മലയണ്ണാന്റെ വിസർജ്യം വീണ് തെങ്ങിന്റെ കായ്ഫലം കുറയുന്നുണ്ടെന്നും കർഷകർ പറയുന്നു. മലയണ്ണാന്റെ വിളയാട്ടം വ്യാപകമായതോടെ തെങ്ങുകയറ്റ തൊഴിലാളികളും പട്ടിണിയിലാണ്. മുമ്പ് കാട്ടുപന്നികളുടെ ശല്യമായിരുന്നെങ്കിൽ ഇപ്പോൾ മലയണ്ണാൻമാരുടെ ശല്യമാണ് കർഷകർക്ക് പേടിസ്വപ്നമായിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവി ആയതിനാൽ മലയണ്ണാനെ കൊല്ലാനും സാധിക്കില്ല. അതിനാൽ അധികൃതർ ഇടപെട്ട് ഇവയുടെ ശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |