SignIn
Kerala Kaumudi Online
Friday, 23 October 2026 3.31 PM IST

നെൽപ്പാടങ്ങളിൽ ഗാളീച്ച ആക്രമണം രൂക്ഷം; കർഷകർ ദുരിതത്തിൽ

ആലത്തൂർ: ജില്ലയിൽ രണ്ടാംവിള നടീൽ കഴിഞ്ഞ പാടങ്ങളിൽ കർഷകരെ ദുരിതത്തിലാക്കി ഗാളീച്ചശല്യം രൂക്ഷമാകുന്നു. ആലത്തൂർ താലൂക്കിലെ മഠത്തിപ്പാടം, കൂരോടുമന്നം പാടശേഖരങ്ങളിൽ കൃഷി ഓഫീസറും വിള ആരോഗ്യകേന്ദ്രം ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് 40 ദിവസം പ്രായമായ നെൽകൃഷിയിൽ ഗാളീച്ചയുടെ ആക്രമണം കണ്ടെത്തിയത്. നാമ്പിലയ്ക്കു പകരം വെള്ളകൂമ്പ് വരുന്നതാണു രോഗലക്ഷണം. ഞാറ്റടി മുതൽ കതിർ വരുന്നതു വരെയുള്ള ഏതു സമയത്തും ഉപദ്രവമുണ്ടാകാം. ഞാറിന്റെ പ്രായത്തിൽ കീടബാധയുണ്ടായാൽ ചെടിയുടെ ചുവടുഭാഗം വീർത്തിരിക്കുന്നതായും കൂടുതൽ ചിനപ്പുകൾ പൊട്ടുന്നതായും കാണും. അപൂർവമായാണ് കാണപ്പെടുകയെങ്കിലും ഗാളീച്ച അപകടകാരി ആയതിനാൽ കർഷകർ മുൻകരുതലെടുക്കണമെന്ന് കൃഷിഭവൻ അധികൃതർ വ്യക്തമാക്കുന്നു.

നിയന്ത്രണങ്ങൾ
 വിരിപ്പ് കൃഷി വൈകി നടുന്നതു കീടബാധയ്ക്ക് ഇടയാക്കും.
 വിശേഷാൽ വിളയ്ക്കു ജൂലായിലും പുഞ്ചക്കൃഷിക്ക് ഒക്ടോബറിലും പാടം സൂക്ഷ്മമായി നിരീക്ഷിച്ചു കീടബാധയുണ്ടോ എന്നു പരിശോധിക്കണം.
 ശുപാർശ ചെയ്ത തോതിൽ മാത്രം വിത്തു വിതയ്ക്കണം.
 കറുക, വരിനെല്ല്, കവട, ചവ്വരിപുല്ല് തുടങ്ങിയവ ഗാളീച്ചയുടെ ആതിഥേയ സസ്യങ്ങളായതിനാൽ ഇത്തരം കളകൾ നശിപ്പിക്കണം.
 മുളപ്പിച്ച വിത്ത് മൂന്ന് മണിക്കൂർ നേരം 0.02 ശതമാനം വീര്യമുള്ള ക്ലോർപൈറിഫോസ് ലായനിയിൽ മുക്കി വയ്ക്കുക.
 ഞാറു നടും മുമ്പ് 0.02 ശതമാനം വീര്യമുള്ള ക്ലോർപൈറിഫോസ് ലായനിയിൽ 12 മണിക്കൂർ മുക്കി വയ്ക്കുക.
 ആദ്യഘട്ടത്തിൽ ആക്രമണം രൂക്ഷമല്ലെങ്കിൽ 3-4 മില്ലി അസാഡിറക്ടിൻ പോലുള്ള വേപ്പധിഷ്ഠിത കീടനാശിനികളിൽ ഏതെങ്കിലും ഒന്ന് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചു കൊടുക്കാം. പറിച്ചു നട്ട് 10-15 ദിവസത്തിനു ശേഷം ആക്രമണം രൂക്ഷമായി കാണുകയാണെങ്കിൽ ഫിപ്രോനിൽ എന്ന തരി രൂപത്തിലുള്ള കീടനാശിനി 6 കിലോ ഒരു ഏക്കറിന് എന്ന തോതിൽ ഇട്ടു കൊടുക്കുകയോ അല്ലെങ്കിൽ ഫിപ്രോനിൽ 250 മില്ലി 100 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചു കൊടുക്കുകയോ ചെയ്യാം.
 തരിരൂപത്തിലുള്ള കീടനാശിനികൾ ഉപയോഗിക്കുമ്പോൾ വയലിൽ 2.3 സെന്റിമീറ്റർ വെള്ളം നിറുത്തണം. നാലു ദിവസത്തേക്കു വെള്ളം തുറന്നു വിടാനും പാടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL