ആലത്തൂർ: നെല്ല് സംഭരണത്തിന് കേന്ദ്രസർക്കാർ കേരളത്തിന് നൽകുന്ന താങ്ങുവിലയിൽ 215 കോടി രൂപ കൂടി അനുവദിച്ചു. ഡിസംബറിൽ 73.34 കോടിരൂപ അനുവദിച്ചതിന് പുറമേയാണിത്. കഴിഞ്ഞ കൊയ്ത്തുകാലങ്ങളിലെ കണക്കിൽ 700 കോടി രൂപ കേന്ദ്രവിഹിതം കൂടി സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. നിലവിൽ നവംബർ 25വരെ സ്ഥിരീകരിച്ച നെല്ല് കൈപ്പറ്റ് രസീതുകൾക്കാണ്(പി.ആർ.എസ്.) സപ്ലൈകോ തുക അനുവദിക്കുന്നത്. 6,430 കർഷകർക്ക് 45.92 കോടി രൂപയാണ് ഈ കാലയളവിൽ സംഭരിച്ച നെല്ലിന്റെ വിലയായി നൽകേണ്ടത്. ഇതിന്റെ 80 ശതമാനംവരെ എസ്.ബി.ഐ, കനറബാങ്ക് ശാഖകളിലൂടെ നൽകിക്കഴിഞ്ഞു. ഡിസംബർ 15വരെ സ്ഥിരീകരിച്ച പി.ആർ.എസുകൾക്കുകൂടി അടുത്തയാഴ്ച തുക അനുവദിച്ചു തുടങ്ങും. ഈ കാലയളവിൽ 27,908 കർഷകർക്ക് 133 കോടി രൂപയാണ് നൽകേണ്ടത്. ഡിസംബർ 15നുശേഷം സ്ഥിരീകരിച്ച 6,000 പി.ആർ.എസുകളാണുള്ളത്. സംഭരിക്കുന്ന നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണംചെയ്ത കണക്ക് നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം താങ്ങുവില അനുവദിക്കുന്നത്. മുൻകാലങ്ങളിൽ കണക്കിലെ അവ്യക്തതമൂലം താങ്ങുവിലകിട്ടാൻ വൈകിയിരുന്നു. മന്ത്രി ജി.ആർ. അനിൽ ഇടപെട്ട് ഈ പ്രശ്നം വലിയൊരളവുവരെ പരിഹരിച്ചത് ഗുണകരമായി. സംസ്ഥാനസർക്കാർ നെല്ലുസംഭരണത്തിനായി അനുവദിച്ച 50 കോടിരൂപകൂടി സപ്ലൈകോയുടെ അക്കൗണ്ടിലുണ്ട്. ഇതോടെ ഒന്നാംവിള നെല്ലുവിലവിതരണം തടസ്സമില്ലാതെ നടത്താനാവുന്ന സാഹചര്യമാണുള്ളത്. സംസ്ഥാന ധനവകുപ്പ് സപ്ലൈകോയ്ക്ക് അനുവദിച്ച 175 കോടിയിൽ 50 കോടി കൈമാറിയതിന് പിന്നാലെ 50 കോടികൂടി ഉടൻ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |