SignIn
Kerala Kaumudi Online
Friday, 23 October 2026 11.37 AM IST

ഗ്രാമങ്ങളിലെല്ലാം വാനരപ്പട; പൊറുതിമുട്ടി നാട്ടുകാർ

monkey
കുരങ്ങുകൾ ഇളനീർവെള്ളം കുടിച്ചശേഷം വലിച്ചെറിഞ്ഞ നാളികേരം.

വടക്കഞ്ചേരി: വന്യമൃഗങ്ങൾ കാടിറങ്ങി വരുത്തുന്ന നാശനക്ഷ്ടങ്ങൾക്ക് പുറമേ കുരങ്ങ് ശല്യം കൊണ്ടും മലയോര മേഖലയിലെ ജനങ്ങൾ പൊറുതിമുട്ടി. ഇപ്പോൾ കുരങ്ങന്മാരുടെ വലിയ സംഘമാണ് ഗ്രാമങ്ങളിൽ വിലസുന്നത്. വലിയ തോതിലുള്ള കാട്ടുപന്നിശല്യത്തെ മതിലും വലയും കെട്ടി പ്രതിരോധിക്കുമ്പോഴാണ് വാനരപ്പടയ്ക്ക് മുന്നിൽ നാട് തോറ്റു നിൽക്കുന്നത്. സംഘംചേർന്നെത്തുന്ന കുരങ്ങന്മാർ തെങ്ങ്, വാഴ തുടങ്ങി പപ്പായ മരം വരെ താറുമാറാക്കുകയാണ്. ഇവയെ വിരട്ടിയോടിക്കാനും സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. തെങ്ങിൽനിന്ന് കുലകുലയായി ഇളനീർ പറിച്ച് വെള്ളം കുടിച്ചശേഷം തൊണ്ട് പുരപ്പുറങ്ങളിലേക്കും മറ്റും വലിച്ചെറിയുകയാണ്. ഇതോടെ ഓടിട്ട വീടുകൾ തകർന്നുള്ള നാശനഷ്ടം വേറെയുമുണ്ട്. വീട്ടാവശ്യത്തിനുള്ള തേങ്ങ പോലും വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ്. മേൽക്കൂരയിലെ ഓട് നീക്കി വീടിനകത്ത് കടന്ന് ഭക്ഷണ സാധനങ്ങൾ അപ്പാടെ അടിച്ചുമാറ്റുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. വീട്ടുപകരണങ്ങൾ നശിപ്പിക്കുന്നതും ഇവയുടെ വിനോദമാണ്. മുപ്പതും നാൽപ്പതും കുരങ്ങന്മാർ അടങ്ങുന്ന സംഘത്തിൽ കുട്ടികളുമുണ്ട്. മലകളിൽ താവളമുറപ്പിച്ചിരുന്ന കുരങ്ങന്മാർ കൂട്ടത്തോടെ ഗ്രാമങ്ങളിലെത്തി കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുന്നു. കഴുകി അയയിലിട്ട തുണി വരെ എടുത്തുകൊണ്ടുപോയി നശിപ്പിക്കും. വടിയോ കല്ലോ എടുത്ത് എറിഞ്ഞോടിക്കാൻ ശ്രമിച്ചാൽ ഇവ ചീറിക്കൊണ്ട് വരുമെന്ന് നാട്ടുകാർ പറയുന്നു. ഓല പടക്കം പൊട്ടിച്ചാൽ ആദ്യമൊക്കെ ഭയമുണ്ടായിരുന്നെങ്കിലും ഇപ്പോൾ മാറി മരക്കൊമ്പിലിരുന്ന് വീണ്ടും തിരിച്ചെത്തും. കിഴക്കഞ്ചേരി, മംഗലം ഡാം മലയോര കാർഷിക മേഖലയിലെ വാനരശല്യം അവസാനിപ്പിക്കാൻ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. വനം വകുപ്പിനും പടക്കം പൊട്ടിക്കുക എന്നല്ലാതെ മറ്റൊന്നും നിർദ്ദേശിക്കാനുമില്ല. വടക്കഞ്ചേരിയുടെ മലയോര മേഖലയിൽ കാട്ടാനയും കാട്ടുപന്നിയും ഇപ്പോൾ വാർത്ത പോലും അല്ലാതായി. ഒടുവിൽ മലയോര ഹൈവേയായ കോരഞ്ചിറ-പന്തലാമ്പാടം റൂട്ടിൽ കരടിയാളയിൽ പുലിയുമെത്തി. മലയണ്ണാനും മയിലും കാർഷിക മേഖലയിൽ നാശം വിതക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MONKEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL