പാലക്കാട്: ഹൈമാസ്റ്റ് വിളക്ക് ഉണ്ടായിട്ടും ഇരുട്ടിലാണ് പാലക്കാട് നഗരത്തിലെ മുനിസിപ്പൽ സ്റ്റാൻഡ്. വി.കെ.ശ്രീകണ്ഠൻ എം.പിയുടെ 2022-23 വികസനഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞവർഷമാണ് മുൻസിപ്പൽ സ്റ്റാൻഡിൽ വിളക്ക് സ്ഥാപിച്ചത്. എന്നാൽ നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം കഴിയാത്ത മുനിസിപ്പൽ സ്റ്റാൻഡ് വൈകീട്ട് ആറു മണി മുതൽ ഇരുട്ടിലാണ്. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ബസ്സുകളിൽ നിന്നുള്ള വെളിച്ചവും മൊബൈൽ വെളിച്ചവുമാണ് ഏക ആശ്രയം. രാത്രി ഒമ്പത് മണിയാകുന്നതോടെ വ്യാപാര സ്ഥാപനങ്ങളും അടക്കും. അതോടെ നഗരം പൂർണ്ണമായും ഇരുട്ടിലാവുകയാണ്. ടെർമിനലിനു മുന്നിൽ കിഴക്ക് വശത്തായി് ആറു ബൾബുകളുള്ള ഹൈമാസ്റ്റ് വിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഉയരം കൂടിയ വിളക്ക് ടെർമിനലിന്റെ മേൽക്കൂരക്കു സമാനമായി നിൽക്കുന്നതിനാൽ ബസ്സുകൾ നിർത്തുന്നിടത്ത് മാത്രമാണ് വെളിച്ചമുള്ളത്. കൂടാതെ സ്റ്റാൻഡിലേക്ക് ബസുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്ത് തീരെ വെളിച്ചമില്ലാത്ത സ്ഥിതിയാണ്. ബസ്സുകൾ കയറുന്ന ഭാഗത്ത് വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമുണ്ടെങ്കിലും ബസുകൾ പുറത്തേക്കിറങ്ങുന്ന ഭാഗം രാത്രിയായാൽ പൂർണമായും ഇരുട്ടിലാണ്. സ്റ്റാൻഡിന് മുൻവശത്തെ റെയിൽവേ സ്റ്റേഷൻ റോഡും തെരുവുവിളക്കുകൾ കത്താത്തതിനാൽ ഇരുട്ടിലാണ്. എട്ടുമണിവരെ നിലവിൽ സ്റ്റാൻഡിനകത്ത് നിന്ന് ബസ് സർവീസ് ഉണ്ടെങ്കിലും സ്റ്റാൻഡിലെ പരിമിതികൾ യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. മുനിസിപ്പൽ സ്റ്റാൻഡിലെ അഴുക്കുചാൽ നിർമ്മാണം പൂർത്തിയായെങ്കിലും ശൗചാലയ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |