SignIn
Kerala Kaumudi Online
Friday, 23 October 2026 7.41 AM IST

ചൂട് കൂടി: വളർത്തുമൃഗങ്ങൾക്കും വേണം കരുതൽ

പാലക്കാട്: വേനൽ എത്തുംമുമ്പേ സംസ്ഥാനത്ത് ചൂട് കനത്തു തുടങ്ങി. താപനില വർദ്ധിക്കുന്നതിനാൽ വളർത്തുമൃഗങ്ങൾക്ക് കരുതൽ വേണമെന്ന മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. കടുത്ത വേനലിൽ വളർത്തുമൃഗങ്ങൾക്ക് സൂര്യാഘാതമേൽക്കാൻ സാദ്ധ്യത ഏറെയാണെന്നും പകൽ 11നും ഉച്ചക്ക് മൂന്നിനും ഇടയിൽ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുതെന്നും പാടത്ത് കെട്ടിയിടരുതെന്നും അധികൃതർ അറിയിച്ചു. ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ട് മേഞ്ഞ കൂടാരങ്ങളിൽ നിന്ന് പുറത്തിറക്കി മരത്തണലിൽ കെട്ടാൻ ശ്രദ്ധിക്കണം. തൊഴുത്തിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിക്കുന്നത് നല്ലതാണ്. തെങ്ങോല, ടാർപോളിൻ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് മേൽക്കൂരയ്ക്ക് കീഴെ സീലിംഗ് ഒരുക്കുന്നതും ചൂട് കുറയ്ക്കും. സ്പ്രിംഗ്ലർ, ഷവർ എന്നിവ ഉപയോഗിച്ച് അരമണിക്കൂർ കൂടുമ്പോൾ പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മർദ്ദം കുറക്കും.

വാഹനത്തിൽ കയറ്റിയുള്ള ദീർഘദൂര യാത്രകൾ രാവിലെയും വൈകീട്ടുമായി ക്രമീകരിക്കണം. നിർജലീകരണം തടയാനും പാൽ കറവ നഷ്ടം കുറക്കാനും തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം ചൂടാകുന്നത് തടയാൻ വെള്ള ടാങ്കുകളും വിതരണ പൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് പൊതിയാം. വേനലിൽ കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് കുറയുന്നതിനാൽ ഏറ്റവും നിലവാരമുള്ള തീറ്റതന്നെ നൽകണം. ധാതുലവണ മിശ്രിതങ്ങൾ തീറ്റയിൽ ചേർക്കണം. വളർത്തു കോഴികളിൽ ബ്രോയ്ലർ കോഴികളെയാണ് ചൂട് ഏറ്റവും കൂടുതൽ ബാധിക്കുക. ചൂട് കുറഞ്ഞ സമയങ്ങളിൽ രണ്ടുമൂന്ന് തവണ തറവിരി ഇളക്കിയിടണം. ചകിരിച്ചോറാണ് നല്ല തറവിരി. സ്പ്രിംഗ്ലർ ഉപയോഗിച്ച് മേൽക്കൂര തണുപ്പിക്കണം. മേൽക്കൂരക്ക് മുകളിൽ തെങ്ങോലയോ ചണച്ചാക്കോ വിരിക്കുന്നതും വള്ളിച്ചെടികൾ പടർത്തുന്നതും ചൂട് കുറയാൻ സഹായിക്കും. മേൽക്കൂര കഴിയുമെങ്കിൽ വെള്ളപൂശണം. ഐസിട്ട ബള്ളം കുടിക്കാൻ നൽകണം. എക്‌സോസ്റ്റ് ഫാനുകൾ കൂട്ടിൽ ഘടിപ്പിക്കണം.

 നായകൾക്കും പൂച്ചകൾക്കും ശ്രദ്ധവേണം

വിയർപ്പുഗ്രന്ഥികൾ വളരെ കുറവായതുകൊണ്ട് വിയർത്തൊന്ന് ശരീരം തണുപ്പിക്കാൻ കഴിയാത്തവയാണ് നായകളും പൂച്ചകളും. ശരീരത്തെ അപേക്ഷിച്ച് തല ചെറുതായ നായകൾ, പ്രത്യേകിച്ച് പഗ്, ലാസാ അപ്‌സോ, ബുൾഡോഗ്, ചൗചൗ, കോക്കർ സ്പാനിയൽ എന്നിവക്ക് കൂടുതൽ കരുതൽ വേണം. കട്ടിയുള്ള രോമാവരണമുള്ള ജർമൻ ഷെപ്പേഡ് പോലുള്ള ഇനങ്ങൾക്കും സൂര്യാഘാത സാധ്യത ഏറെയാണ്.

വളർത്തു നായകൾക്കും അലങ്കാര പൂച്ചകൾക്കും മുമ്പിൽ തണുത്ത കുടിവെള്ളം എപ്പോഴും വേണം. നായ്ക്കൂടുകൾക്ക് മുകളിൽ തണൽ വലകൾ അൽപം ഉയരത്തിൽ വിരിക്കണം. ചൂടുകൂടിയ സമയങ്ങളിൽ തീറ്റ ഒഴിവാക്കണം. ഒരു ദിവസം നൽകുന്ന തീറ്റ പലതവണകളായി നൽകാം. ആഹാരത്തിൽ തൈര് അല്ലെങ്കിൽ ജീവകം സി നൽകണം. നായകളുടെ കൂട്ടിൽ ഫാൻ നിർബന്ധമാണ്. ദിവസവും ദേഹം ബ്രഷ് ചെയ്യുകയും വേണം. ചൂടുള്ള പകലിൽ നായകളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ച് പുറത്തുപോകരുത്. സൂര്യാഘാതമേറ്റാൽ നായകളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്ത വെള്ളത്തിൽ മുക്കിയ ടവൽ മേനിയിൽ പുതപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HEAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL