SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 PM IST

വേനലെത്തുംമുമ്പേ വെന്തുരുകി പാലക്കാട്

  • ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന താപനില 36 ഡിഗ്രി
  • പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് വെയിലേൽക്കാതെ ഇരിക്കുക
  • ഈ മാസം ആദ്യവാരം താപനില 39 ഡിഗ്രിവരെ ഉയർന്നേക്കാം

പാലക്കാട്: ഫെബ്രുവരി ആരംഭിച്ചപ്പോഴേ പാലക്കാടിന് പൊള്ളുകയാണ്. അടുത്ത മൂന്നു ദിവസം താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടെ ജനങ്ങൾ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് വെയിലേൽക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നൽകുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി.

പാലക്കാട് ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന താപനില 36 ഡിഗ്രിയാണ്. മുണ്ടൂർ ഐ.ആർ.ടി.സിയിൽ ജനുവരി 26നാണ് ആദ്യമായി താപനില 36 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. പിന്നീട് തുടർച്ചയായ മൂന്നു ദിവസവും താപനിലയിൽ കുറവുണ്ടായില്ല. ഫെബ്രുവരി ആദ്യവാരം താപനില 39 ഡിഗ്രിവരെ ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞവർഷം 42.6 ഡിഗ്രി സെൽഷ്യസായിരുന്നു ജില്ലയിലെ ഉയർന്ന താപനില. ഏപ്രിൽ 28ന് മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് ഇത് രേഖപ്പെടുത്തിയത്.

കഴിഞ്ഞവർഷം വരൾച്ചാ സമാനമായ സാഹചര്യമാണ് ജില്ലക്ക് നേരിടേണ്ടി വന്നത്. മഴയുടെ അഭാവവും സ്ഥിതിക്ക് ആക്കം കൂട്ടി. താപനില ക്രമാതീതമായി ഉയരുന്നത് സ്വാഭാവികമായ ജലസ്രോതസുകളെ പ്രതികൂലമായി ബാധിക്കും.

നിലവിൽ കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ വെള്ളം മലമ്പുഴ ഡാമിൽ ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വേനൽ കടുക്കും. ചൂടിൽ അരുവികളും ചോലകളും വറ്റുന്നതോടെ കാടുകളിൽ കുടിവെള്ളം കിട്ടാതെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതും വേനൽക്കാലത്ത് പതിവാണ്. എന്നാൽ ഇത് കൃഷിക്കും മനുഷ്യജീവനും ആശങ്ക സൃഷ്ടിക്കുന്നു. ദാഹജലവും തണലും തേടിയാണ് മൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. വനങ്ങളിൽ തീപിടിത്തത്തിനും വേനൽച്ചൂട് കാരണമാകാറുണ്ട്. കാടുകൾക്ക് പുറമേ പറമ്പുകളിലും തീപിടിത്ത സാധ്യതയുണ്ട്. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തങ്ങൾക്ക് വഴിയൊരുക്കുന്നത്. കനത്ത ചൂടിൽ തീ ആളിപ്പടരുകയും ചെയ്യും. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കാമെന്നാണ് അധികൃതർ പറയുന്നത്.

ശ്രദ്ധ പുലർത്തണം ആരോഗ്യകാര്യത്തിലും

താപനില വർദ്ധിക്കുമ്പോൾ ആരോഗ്യകാര്യത്തിലും അതീവ ശ്രദ്ധ പുലർത്തണം. നിർജലീകരണം, ക്ഷീണം, സൂര്യാതപം, സൂര്യാഘാതം എന്നിവയേൽക്കാൻ സാധ്യത കൂടുതലുള്ള സമയമാണിത്. ധാരാളം വെള്ളം കുടിക്കുക, നിറം കുറഞ്ഞ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണം. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ പ്രത്യേക ജാഗ്രത പുലർത്തണം. സൂര്യാതപ, സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SUMMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL