പാലക്കാട്: കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ചിരുന്ന കാർഷിക മേഖലയ്ക്ക് ലഭിച്ചത് കടുത്ത നിരാശ. കേന്ദ്രബജറ്റിൽ ഊന്നൽ നൽകിയ ആറു മേഖലകളിൽ കൃഷിയും ഉൾപ്പെട്ടെങ്കിലും പാലക്കാട് ജില്ലയിലെ കർഷകർക്കു നേരിട്ടു ഗുണകരമാകുന്ന പദ്ധതികൾ ബജറ്റിൽ ഇല്ലെന്ന് കർഷകർ പരാതിപ്പെട്ടു. നെല്ല് സംഭരണ വില വർദ്ധിപ്പിക്കുകയും ഉൽപ്പാദനച്ചെലവ് കൂട്ടുകയും ചെയ്തതാണ് കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയത്. നെല്ലിന്റെ താങ്ങുവില ഉയർത്തുമെന്ന കർഷകരുടെ പ്രതീക്ഷയും പാഴായി. സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം പരിഹരിക്കുന്നതിനായി ആവശ്യപ്പെട്ട 24,006 കൊടി രൂപയുടെ പ്രത്യേക പാക്കേജിൽ നെല്ല്സംഭരണത്തിന് 2,000 കോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനായി പ്രത്യേകം ഫണ്ട് പ്രഖ്യാപിച്ചിട്ടില്ല. മനുഷ്യ മൃഗ സംഘർഷത്തിലുള്ള മലയോര മേഖലയ്ക്കുള്ള പദ്ധതികളൊന്നും ബജറ്റിൽ ഇടം പിടിച്ചിട്ടില്ലെന്നും ധോണിയിലെ കർഷകർ പരാതിപ്പെട്ടു. സംസ്ഥാന ബജറ്റിൽ ഇതിനെല്ലാം പരിഹാര നടപടികൾ പ്രതീക്ഷിക്കുന്നുണ്ട്.
സംസ്ഥാന ബജറ്റിൽ കർഷകർ പ്രതീക്ഷിക്കുന്നത്
സപ്ലൈകോയുടെ നെല്ല് സംഭരണ കലണ്ടർ പ്രകാരം കൃത്യ സമയങ്ങളിൽ നെല്ല് സംഭരണം ആരംഭിക്കണം.
നെല്ലിന്റെ സംഭരണ വില 28 രൂപയിൽ നിന്ന് 35 രൂപയെങ്കിലുമാക്കണം.
നെല്ല് കയറ്റുകൂലി ക്വിന്റലിന് 80 രൂപ വരെയാണ് കർഷകരിൽ നിന്ന് ചുമട്ടു തൊഴിലാളികൾ വാങ്ങുന്നത്. ഇതുമൂലം കിലോ നെല്ലിന് 38-68 പെെസവരെ കർഷകന് നഷ്ടം വരുന്നുണ്ട്. അതിനാൽ ചുമട്ടുകൂലി വർദ്ധനവ് വരുത്തി ഈ തുക സംഭരണ മില്ലുകാർക്ക് നൽകി നെല്ല് സംഭരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം
നെല്ല് അളന്ന് 24 മണിക്കൂറിനുള്ളിൽ കർഷകന് പി.ആർ.എസ് നൽകണം.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സപ്ലൈകോ സംഭരിക്കണം
ഭൂപരിധി നിയമം എടുത്തു കളയണം.
15 ദിവസത്തിനുള്ളിൽ കർഷകന് നെല്ലിന്റെ വില നൽകണം
വളം സബ്സിഡി വർദ്ധിപ്പിക്കണം
സബ്സിഡി വിതരണത്തിനു റിവോൾവിംഗ് ഫണ്ട്, റിംഗ് ബണ്ട് ആനൂകൂല്യം തുടങ്ങിയവ വർദ്ധിപ്പിക്കുക
ഓരോ തവണയും കേന്ദ്ര സർക്കാർ സംഭരണ വില വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ കുറയ്ക്കുകയാണ്. ഉൽപ്പാദന ചിലവിന്റെ ഒന്നര ഇരട്ടി വില നിശ്ചയിച്ചാലേ കർഷകന് ആശ്വാസമാകൂ. (പാണ്ടിയോട് പ്രഭാകരൻ, ദേശീയ കർഷക സംരക്ഷണ സമിതി ജനറൽ സെക്രട്ടറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |