
3.19 കോടി രൂപ ചെലവ്
ഇരുവശങ്ങളിലുമായി ഒരേസമയം 32 ബസുകൾ നിർത്തിയിടാം
അഞ്ചു കടമുറികളും സ്ത്രീ പുരുഷന്മാർക്കായി നാലുവീതം ശുചിമുറികളും
ടെർമിനലിന് മുന്നിൽ അഴുക്കുചാലും നിർമ്മിച്ചിട്ടുണ്ട്
മേൽക്കൂര നിർമ്മാണം പൂർത്തിയാക്കി 60 ഓളം ഫാനുകൾ
പാലക്കാട്: നഗരവികസനത്തിന്റെ നാഴികക്കല്ലാവുമെന്ന പ്രഖ്യാപനത്തോടെ തുടക്കം കുറിച്ച സ്റ്റേഡിയം ബസ് ടെർമിനൽ യാഥാർത്ഥ്യമാകാൻ ഇനിയുമെത്രനാൾ കാത്തിരിക്കണം. 2021 മാർച്ചിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രവൃത്തികൾ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയായാണ്. തിരക്കേറിയ സ്റ്റേഡിയം സ്റ്റാൻഡിലെ തിരക്കൊഴുവാക്കുന്നതിനായി നഗരസഭയുടെ അമൃത് പദ്ധതിയിലുൾപ്പെടുത്തി 3.19 കോടി രൂപ ചെലവഴിച്ചാണ് പുതിയ ബസ് ടെർമിനൽ നിർമ്മിക്കുന്നത്. നിലവിലെ സ്റ്റാൻഡിന് മുന്നിൽ ഒഴിഞ്ഞുകിടന്നിരുന്ന നഗരസഭയുടെ സ്ഥലത്താണ് ടെർമിനൽ ഉയരുന്നത്.
2020 ൽ ബസ് ടെർമിനൽ നിർമ്മാണം ആരംഭിച്ചെങ്കിലും ലോക്ഡൗണിൽ കുടുങ്ങി പദ്ധതി നിലയ്ക്കുകയായിരുന്നു.
ടെർമിനൽ സജജമാകുന്നതോടെ സുൽത്താൻപേട്ട ഭാഗത്തു നിന്നുമുള്ള ബസുകൾ പുതിയ ടെർമിനലലേക്കു പ്രവേശിക്കുന്നതിനായി മുൻവശത്തെ മതിലും പൊളിച്ചു വഴിയൊരുക്കുന്നുണ്ട്. നിലവിലെ പ്രവൃത്തികൾ പൂർത്തിയാക്കി അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി സ്റ്റേഡിയം ബസ് ടെർമിനൽ വിഷുവിന് മുമ്പ് പ്രവർത്തന സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും സ്റ്റാൻഡിലെ വ്യാപാരികളും.
ഇരുവശങ്ങളിലുമായി ഒരേസമയം 32 ബസുകൾ നിർത്തിയിടാനുള്ള സൗകര്യമാണ് പുതിയ ടെർമിനലിലുള്ളത്. അഞ്ചു കടമുറികളും സ്ത്രീ പുരുഷന്മാർക്കായി നാലുവീതം ശുചിമുറികൾ, ഇരിപ്പിടം, ചാർജിംഗ് പോയിന്റ്, കുടിവെള്ളം എന്നിവക്ക് പുറമെ ടെർമിനലിന് മുന്നിൽ അഴുക്കുചാലും നിർമ്മിച്ചിട്ടുണ്ട്. ടെർമിനലിൽ ബസുകൾ നിറുത്തിയിടുന്ന ഭാഗത്തെ മേൽക്കൂര നിർമ്മാണം പൂർത്തിയാക്കി 60 ഓളം ഫാനുകളും ഇട്ടിട്ടുണ്ട്. നിലവിൽ ട്രാക്കുകൾക്ക് മുന്നിൽ മണ്ണ് നികത്തി ടാറിംഗ് നടത്തുന്നതിനുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |