SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 PM IST

വാളയാർ ഡാമിലെ ചെളി നീക്കലിൽ വൻ അഴിമതിയെന്ന് എം.എൽ.എ

walayar
വാളയാർ ഡാം

കഞ്ചിക്കോട്: വാളയാർ ഡാം ആഴം കൂട്ടി ജലസംഭരണ ശേഷി ഉയർത്തുന്നതിന് വേണ്ടി നടത്തുന്ന മണ്ണെടുപ്പിൽ കോടികളുടെ അഴിമതി ആരോപണവുമായി ഭരണകക്ഷി എം.എൽ.എ തന്നെ രംഗത്ത്. അഴിമതിക്ക് ജലവിഭവ വകുപ്പിന്റെ ഒത്താശയെന്നും ആരോപണം. കരാറുകാർ ഡാമിലെ മണ്ണെടുത്ത് വാളയാർ പുഴയിലിട്ടതിന് ശേഷം ഈ മണലിനൊപ്പം പുഴ മണലും കൂടി കടത്തിക്കൊണ്ടു പോകുന്നുവെന്ന പരാതി ഉയർന്നിട്ട് നാളുകളേറെയായി. ഡാമിൽ നിന്നെടുക്കുന്ന മണ്ണ് പുഴയിൽ കഴുകാൻ ജലവിഭവ വകുപ്പ് അനുമതി നൽകിയിട്ടുണ്ടെന്നാണ് കരാറുകാരുടെ ഭാഷ്യം. ഇതെ തുടർന്ന് സ്ഥലം സന്ദർശിച്ച എം.എൽ.എ എ.പ്രഭാകരൻ കോടികളുടെ അഴിമതി നടന്ന് കഴിഞ്ഞുവെന്നും ഇനി ഇതനുവദിക്കാനാവില്ലെന്നും ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. കരാറുകാരനും പാർട്ട്ണറും എം.എൽ.എയെ കാണാൻ വീട്ടിലെത്തിയെങ്കിലും ഒരു ഒത്ത് തീർപ്പും ഇല്ലെന്ന് തീർത്ത് പറഞ്ഞ അദ്ദേഹം ഡാമിൽ നിന്നെടുക്കുന്ന മണ്ണും മണലും അവിടുന്ന് തന്നെ കടത്തിക്കൊണ്ടു പോകണമെന്ന കൃത്യമായ നിർദേശമാണ് നൽകിയത്. പക്ഷെ കരാറുകാർ പഴയപടി മണൽക്കൊള്ള തുടരുകയാണ്. ജലവിഭവ മന്ത്രി വിഷയത്തിൽ ഇടപെട്ടിട്ടില്ല.

വാളയാർ ഡാമിന്റെ സംഭരണ ശേഷി 18.4 മില്യൺ ക്യുബിക് മീറ്ററാണ്. ചെളിയും മണ്ണും നിറഞ്ഞ് ഇതിന്റെ പകുതി പോലും സംഭരണ ശേഷിയില്ലാതായി. ഈ സാഹചര്യത്തിലാണ് മണ്ണ് നീക്കി ഡാം ആഴം കൂട്ടാൻ നടപടി തുടങ്ങിയത്. വാളയാർ ഡാം ആഴം കൂട്ടാനുള്ള പുനരുദ്ധാരണ പദ്ധതി ഒന്നാം ഘട്ടം പരാതികളില്ലാതെ നടന്നിരുന്നു. കഴിഞ്ഞ വർഷം രണ്ടാംഘട്ടം പ്രവർത്തനം തുടങ്ങി. രണ്ട് ഘട്ടങ്ങളിലും പദ്ധതിയുടെ നിർവ്വഹണ ചുമതല കേരള സ്റ്റേറ്റ് മിനറൽ ഡവലപ്‌മെന്റ് കോർപ്പറേഷനെയാണ്(കെംഡൽ) ഏൽപ്പിച്ചിരുന്നത്. കെംഡൽ ആണ് കരാറുകാരെ ഏൽപ്പിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഡാമിൽ നിന്നെടുക്കുന്ന മണ്ണ് അവിടെ നിന്ന് തന്നെയാണ് വിൽപ്പനയ്ക്ക് കൊണ്ടുപോയിരുന്നത്. രണ്ടാം ഘട്ടത്തിൽ എത്തിയപ്പോഴാണ് ഡാമിലെ മണ്ണ് പുഴയിലിട്ടതിന് ശേഷം അവിടുന്ന് കൊണ്ടു പോവുകയെന്ന രീതി വന്നത്. ഇതോടെ ഡാമിലെ മണലിനൊപ്പം പുഴ മണലും കരാറുകാരന് എന്ന സ്ഥിതി വന്നു. വാളയാർ ഡാമിന്റെ സംഭരണ ശേഷി കൂട്ടലിന്റെ മറവിൽ കടുംവെട്ട് അനുവദിക്കില്ലെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എ.പ്രഭാകരൻ എം.എൽ.എ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WALAYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL