പാലക്കാട്: പറമ്പിക്കുളം കടുവാ സങ്കേതത്തിൽ നടത്തിയ വാർഷിക ജന്തുജാല കണക്കെടുപ്പിൽ 15 പുതിയ ജീവികളുടെ സാന്നിദ്ധ്യം കണ്ടെത്തി. ഏഴ് പക്ഷി, അഞ്ചു ചിത്രശലഭം, മൂന്ന് തുമ്പികൾ എന്നിവയാണ് പുതുതായി വാസം ആരംഭിച്ചിട്ടുള്ളത്. പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, സംസ്ഥാന വനംവകുപ്പ്, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സർവ്വേ നടത്തിയത്.
സങ്കേതത്തിലെ 11 കേന്ദ്രങ്ങളിലായി നാല് ദിവസം നടത്തിയ പഠനത്തിൽ അകെ 206 ഇനം പക്ഷികളെ കണ്ടെത്തി. പെയിൻഡ് സ്പർഫൗൾ(പുള്ളി മുള്ളൻ കോഴി), റൂഫസ് ബെല്ലിഡ് ഹോക്ക് ഈഗിൾ(ചെമ്പൻ എറിയൻ), ഇന്ത്യൻ ഗ്രേ ഹോൺബിൽ (നാട്ടുവേഴാമ്പൽ), വൈറ്റ് ബെല്ലിഡ് ഷോലക്കിളി(ആനമലൈ ഷോലക്കിളി), ടൈഗ ഫ്‌ളൈകാച്ചർ, പ്ലെയിൻ പ്രിനിയ(വയൽക്കുരുവി) ഗ്രീൻ ലീഫ്വാർബ്ലർ(കടുംപച്ച പൊടിക്കുരുവി) എന്നിവയാണ് പുതിയ പക്ഷികൾ. ഇതോടെ സങ്കേതത്തിലെ പക്ഷികളുടെ എണ്ണം 302 ആയി ഉയർന്നു.
ചിത്രശലഭങ്ങൾ 273
187 ഇനം ചിത്രശലഭങ്ങളെ ആണ് ആകെ കണ്ടെത്തിയത്. ലോംഗ് ബ്രാൻഡഡ് ബുഷ്ബ്രൗൺ(ചിന്നത്തവിടൻ), ഷോട്ട് സിൽവ്‌ലൈൻ(ചെമ്പൻ വെള്ളിവരയൻ), സ്‌കാർസ് ഷോട്ട് സിൽവ്‌ലൈൻ(നീലചെമ്പൻ വെള്ളിവരയൻ), വൈറ്റ്ഡിസ്‌ക് ഹെഡ്ജ്ബ്ലൂ(ഇരുളൻ വേലിനീലി), പളനി ഡാർട്ട്(പളനിപ്പൊട്ടൻ) എന്നിവയാണ് പുതുതായി രേഖപ്പെടുത്തിയ ചിത്രശലഭങ്ങൾ. ഫൈവ് ബാർ സ്വോർഡ്‌ടെയിൽ (വരയൻ വാൾ വാലൻ), സ്‌പോട്ട് വാൾടെയിൽ (പള്ളിവാൽ വാലൻ), സതേൺ ബേർഡ്വിംഗ്(ഗരുഡ ശലഭം), മലബാർ ബാൻഡഡ് സ്വല്ലോടെയിൽ (പുള്ളി വാലൻ), സഹ്യാദ്രി ഗ്രാസ് യെല്ലോ(മഞ്ഞ പാപ്പാത്തി), നീലഗിരി ടൈഗർ(നീലഗിരി കടുവ), സതേൺ ബ്ലൂ ഓക്ക്ലീഫ്(ഓക്കിലശലഭം) കനറാ സ്വിഫ്റ്റ്(കാനറ ശരശലഭം), ബ്ലാക്ക് ആംഗിൾ എന്നീ ശ്രദ്ധേയ കൂട്ടിച്ചേർക്കലോടെ റിസർവ്വിൽ ഇത് വരെ കാണപ്പെപ്പട്ട ചിത്രശലഭങ്ങളുടെ എണ്ണം 273 ആയി ഉയർന്നു.
തുമ്പികൾക്ക് ഫെബ്രുവരി മാസം നല്ല കാലമല്ലെങ്കിലും 39 ഇനത്തെ കാണാനായി. ഇതോടെ ടൈഗർ റിസർവിലെ ആകെ കണ്ടെത്തിയ തുമ്പികളുടെ എണ്ണം 69 ആയി. ബ്രൗൺ ഡാർനർ(തവിടൻ ചാത്തൻ), പാരക്കീറ്റ് ഡാർനർ(മരതക ചാത്തൻ), വെസ്റ്റാലിസ് സബ്‌മൊന്റാന(കാട്ട് തണൽ തുമ്പി എന്നിവയാണ് പുതിയവ.
വരണ്ട സീസണിൽ പോലും 15 പുതിയ ജീവി വർഗം പുതുതായി കാണപ്പെട്ടത് ഈ പ്രദേശത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തെ സൂചിപ്പിക്കുന്നു.
-ആർ.സുജിത്ത്
പി.ടി.ആർ ഡെപ്യൂട്ടി ഡയറക്ടർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |