കൃഷിചെയ്തത് 'കിരൺ മെലഡി' എന്ന ഇനം
ഒരു കിലോ വിത്തിന് 40,000 രൂപ വില
ഇതിനകം 16 ടൺ തണ്ണിമത്തൻ വിളവെടുത്തു
വടക്കഞ്ചേരി: വേനൽ ചൂടിൽ കുളിരേകാൻ മലയാളിയുടെ പ്രിയപ്പെട്ട തണ്ണിമത്തൻ കൃഷിയിൽ വിജയഗാഥ രചിച്ചിരിക്കുകയാണ് രണ്ടു ചെറുപ്പക്കാർ. മുടപ്പല്ലൂർ മാത്തൂർ സ്വദേശി ഷിബു(38), ആലപ്പുഴ സ്വദേശി അജോഷും(38) ആണ് കാടുമൂടി കിടന്നിരുന്ന തരിശുഭൂമിയിൽ അസാധ്യമെന്ന് കരുതിയ തണ്ണിമത്തൻ കൃഷി ചെയ്ത് വിളവെടുത്തിട്ടുള്ളത്. പന്നിക്കൂട്ടങ്ങളും മയിലും കുറുക്കൻമാരും താവളമാക്കിയിരുന്ന പൊന്തക്കാടായ വള്ളിയോട് സെന്ററിനടുത്തെ 1.35 ഏക്കർ ഭൂപ്രദേശം പാട്ടത്തിനെടുത്ത് കൃഷിക്കായി ഒരുക്കിയാണ് വടക്കഞ്ചേരി പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും പിന്തുണയോടെ തണ്ണിമത്തൻകൃഷി ചെയ്തത്. രണ്ടാൾ ഉയരത്തിൽ കാടുമൂടി കിടന്നിരുന്ന സ്ഥലം വെട്ടിയൊതുക്കി തണ്ണിമത്തൻകൃഷി ചെയ്യാനാണെന്ന് പറഞ്ഞപ്പോൾ പലരും പരിഹസിച്ചു. എന്നാൽ സമീപവാസികളായ പഞ്ചായത്ത് മെംബർ സേതുമാധവനും റിട്ട. കൃഷി അസി.ജോൺസൺ ഉൾപ്പെടെയുള്ളവർ പിന്തുണയുമായി എത്തിയതോടെ യുവാക്കൾക്കും ആവേശമായി.
നെന്മാറയിലും കിഴക്കഞ്ചേരിയിലുമായി എട്ട് ഏക്കറിൽകൂടി ഇവർ തണ്ണിമത്തൻകൃഷി ചെയ്തിട്ടുണ്ട്. കൊല്ലങ്കോട്, മാത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ എട്ടേക്കറിൽ പപ്പായ കൃഷിയുമുണ്ട്. കൃഷി പരീക്ഷണങ്ങൾക്കായാണ് അജോഷ് പാലക്കാട്ടെത്തിയത്. മാത്തൂരിൽ പപ്പായ കൃഷി ചെയ്യുന്നതിനിടയാണ് ഷിബുവുമായി പരിചയപ്പെടുന്നത്. വൈകാതെ ഇവർ കൃഷിയിൽ ചങ്ങാതിമാരാവുകയായിരുന്നു.
തണ്ണിമത്തൻ വിളവെടുപ്പ് വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ രശ്മി ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ജ്യോതി, പഞ്ചായത്ത് അംഗങ്ങളായ വർഗീസ് കുട്ടി, സുമിത ഷഹീർ, ഫൗസിയാ, സേതുമാധവൻ, ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.
വിത്ത് അഹമ്മദാബാദിൽ നിന്ന്
ഒന്നേകാൽ ഏക്കറിൽ തണ്ണിമത്തന്റെ എണ്ണായിരം തൈകളാണ് നട്ടിരുന്നത്. നല്ല ചുവപ്പു കളറും മധുരവും ഗുണമേന്മയുമുള്ള കിരൺ മെലഡി എന്ന ഇനമാണ് കൃഷിചെയ്തത്. അഹമ്മദാബാദിൽ നിന്നാണ് ഈ ഹൈബ്രീഡ് വിത്ത് കൊണ്ടുവന്നത്. കൊടുങ്ങല്ലൂരിലെ മൊത്തവ്യാപാര കേന്ദ്രത്തിലേക്കാണ് ഇവിടെനിന്നും കയറ്റിപ്പോകുന്നത്. മൂന്നുകിലോ മുതൽ അഞ്ചുകിലോവരെ തൂക്കംവരുന്ന കായ്കളാണ് ലഭിച്ചത്. പുതയിട്ട് തുള്ളി നന കൃഷിരീതിയാണ് നടത്തിയതെന്നു യുവാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |