SignIn
Kerala Kaumudi Online
Friday, 23 October 2026 11.59 AM IST

കോക്കകോള കമ്പനി പൂട്ടിയിട്ട് 2 പതിറ്റാണ്ട് അതിജീവന പോരാട്ടം തുടർന്ന് പ്ലാച്ചിമട

cococola
പ്ലാച്ചിമടയിലെ പൂട്ടിപ്പോയ കോക്ക കോള കമ്പനി

പാലക്കാട്: കൃഷി നശിച്ചു. ജീവിതോപാധി ഇല്ലാതായി. ഭൂഗർഭ ജലനിരപ്പ് താഴ്ന്നതിലൂടെ കുടിവെള്ള ക്ഷാമം. കോക്കകോള കമ്പനി പൂട്ടിയിട്ട് രണ്ടുപതിറ്റാണ്ട് പിന്നിട്ടെങ്കിലും പ്ലാച്ചിമടയിലെ ജനങ്ങൾ ഇപ്പോഴും അതിജീവനത്തിനുള്ള പോരാട്ടത്തിൽ. കൃഷി നശിച്ചതടക്കം 216.62 കോടിയുടെ നഷ്ടമുണ്ടായെന്ന് പഠന റിപ്പോർട്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2022 ആഗസ്റ്റ് 15ന് തുടങ്ങിയ രണ്ടാംഘട്ട സമരം ഇപ്പോഴും തുടരുന്നു. കമ്പനിക്ക് മുന്നിലെ മരുതുമര ചുവട്ടിലെ സമരക്കുടിലിൽ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സമരക്കാർ ഒത്തുകൂടും. നഷ്ടപരിഹാരം നൽകാതിരിക്കാൻ ഉന്നതതല ഗൂഢാലോചന പലതലങ്ങളിലും നടക്കുന്നുവെന്ന് സമരസമിതി ആരോപിക്കുന്നു. 2011ൽ നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ബിൽ കേന്ദ്രം രണ്ടുതവണയും മടക്കി അയച്ചതാണ് അനിശ്ചിതത്വത്തിന് കാരണം. വീണ്ടും നിയമനിർമ്മാണം നടത്താനുള്ള സാദ്ധ്യത തേടുകയാണെന്നും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. 2024 ജൂണിൽ ഫാക്ടറി കെട്ടിടം ഉൾപ്പെടെയുള്ള 36.7 ഏക്കർ ഭൂമി കമ്പനി സംസ്ഥാന സർക്കാരിനു കൈമാറി. ഇവിടെ നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ചും അന്തിമരൂപം ആയിട്ടില്ല.

സമരം, നിയമപോരാട്ടം

ജലസമൃദ്ധമെന്ന് സാറ്റലൈറ്റ് പഠനത്തിൽ കണ്ടെത്തിയ പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട ഗ്രാമത്തിൽ 1998ലാണ് കോക്കകോള കമ്പനി സ്ഥലം വാങ്ങിയത്. 2000ൽ പ്രവർത്തനം തുടങ്ങി. അധികം വൈകാതെ പ്രദേശത്തെ ഭൂഗർഭജലനിരപ്പു താഴ്ന്നു. കിണറുകളിലെ വെള്ളത്തിന് രുചിവ്യത്യാസം. അതോടെ സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും തുടക്കം.

2004ൽ കമ്പനി പൂട്ടി. 2009ൽ അന്നത്തെ അഡിഷണൽ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പഠനത്തിലാണ് നാടിന് 216.26 കോടിയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയത്. കമ്പനിയുടെ പ്രവർത്തനത്തിലൂടെ മണ്ണും വെള്ളവും കൃഷിയും ജനങ്ങളുടെ ആരോഗ്യവുമടക്കം നശിച്ചു എന്നായിരുന്നു റിപ്പോർട്ട്.

കിണർ വെള്ളത്തിന്

രുചിവ്യത്യാസം

പ്ലാച്ചിമടയിലെ അവസ്ഥയിൽ ഇപ്പോഴും മാറ്റമില്ലെന്ന് പ്രദേശവാസികൾ. കിണറുകളിലെ വെള്ളത്തിന് രുചിവ്യത്യാസമുള്ളതിനാൽ കുടിക്കാറില്ല

വളമെന്നു പറഞ്ഞുനൽകിയ ഫാക്ടറി അവശിഷ്ടം നിക്ഷേപിച്ച കൃഷിയിടങ്ങൾ മിക്കതും നശിച്ചു. പട്ടികവിഭാഗക്കാർ താമസിക്കുന്ന 8 കോളനികളിലും ആരോഗ്യപ്രശ്നങ്ങളുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COCACOLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL