
കഞ്ചിക്കോട്: രാജ്യത്തിന്റെ അഭിമാനമായ കഞ്ചിക്കോട് വ്യവസായ മേഖലയിലെ മൂന്ന് പ്രധാന പൊതുമേഖലാ സ്ഥാപനങ്ങൾ തകർച്ചാ ഭീഷണിയിൽ. പ്രതിരോധ വകുപ്പിന് വാഹനങ്ങൾ നിർമ്മിച്ച് നൽകുന്ന ബെമൽ സ്വകാര്യവത്കരണ ഭീഷണിയിലാണ്. ചന്ദ്രയാൻ ദൗത്യത്തിൽ വരെ പങ്കാളിയായ ഐ.ടി.ഐ എപ്പോൾ വേണമെങ്കിലും അടച്ച് പൂട്ടാമെന്ന നിലയിലാണ്. കൺട്രോൾ വാൽവുകൾ നിർമ്മിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനമായ ഇൻസ്ട്രുമെന്റേഷനും തകർച്ചയുടെ വക്കിലാണ്. സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിന് വേണ്ടി ഇവയെ തളർത്തുകയാണെന്ന പരാതിയും വ്യാപകമാണ്.
റെയിൽവേയ്ക്ക് വന്ദേഭാരത് കോച്ചുകൾ പകുതി വിലയ്ക്ക് നൽകി രാജ്യശ്രദ്ധ പിടിച്ച് പറ്റിയ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് സ്വകാര്യമേഖലയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ സമരത്തിലാണ്. 56000 കോടി ആസ്തിയുള്ള കമ്പനിയാണ് വിൽക്കുന്നതിനായി കേന്ദ്രം താൽപ്പര്യ പത്രം പുറപ്പെടുവിച്ചിരിക്കുന്നത്. ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ എന്തിന് വിൽക്കുന്നുവെന്ന ചോദ്യമാണ് തൊഴിലാളികൾ ഉയർത്തുന്നത്. പതിനായിരം കോടി രൂപയുടെ ഓർഡർ നേടി റെക്കാർഡിട്ട പൊതുമേഖലാ സ്ഥാപനമാണ്. 1964ൽ അഞ്ച് കോടി രൂപ മുതൽ മുടക്കിൽ തുടങ്ങിയ ബെമൽ ഇപ്പോൾ 4300 കോടി രൂപ വിറ്റ് വരവുള്ള സ്ഥാപനമാണ്.
ലാഭകരമായി പ്രവർത്തിക്കുന്ന ഇൻസ്ട്രുമെന്റേഷൻ രാഷ്ട്രീയ വടംവലിയിൽ തകരുകയാണ്. 9 വർഷം മുമ്പ് സ്വകാര്യമേഖലയ്ക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. അന്ന് സംസ്ഥാന സർക്കാർ കമ്പനി ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. 2016 നവംബറിൽ കമ്പനി സംസ്ഥാനത്തിന് കൈമാറാമെന്ന് അന്നത്തെ എം.പി എം.ബി.രാജേഷിന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകി. 2018ൽ ധാരണാപത്രവും ഒപ്പുവെച്ചു. പക്ഷെ പിന്നീട് തുടർനടപടികളൊന്നും ഉണ്ടായില്ല. കൈമാറാൻ പോകുന്ന കമ്പനി എന്ന നിലയിൽ ഇൻസ്ട്രുമെന്റേഷൻ അവഗണന നേരിടുകയാണ്. തൊഴിലാളികൾക്ക് ശമ്പള പരിഷ്‌കരണം ഉണ്ടായില്ല. ഇപ്പോൾ ആകെ 120 സ്ഥിരം ജീവനക്കാർ മാത്രമാണുള്ളത്. ഇരുനൂറോളം കരാർ തൊഴിലാളികളുണ്ട്.
ചന്ദ്രയാൻ വിക്ഷേപണത്തിന് സഹായകമായ ഉപകരണങ്ങൾ നിർമ്മിച്ച് രാജ്യശ്രദ്ധ പിടിച്ച് പറ്റിയ സ്ഥാപനമായ ഐ.ടി.ഐയും തകർച്ചയുടെ വക്കിലാണ്. ആദിത്യ എൽ1 പറന്നുയരാൻ വേണ്ട ഇലക്ട്രോണിക് പാക്കേജുകൾ രൂപകൽപ്പന ചെയ്ത പൊതുമേഖല കമ്പനിയായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് മാസങ്ങളായി. പുതിയ ഓർഡറുകളില്ലാത്തതാണ് പ്രശ്നം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |