SignIn
Kerala Kaumudi Online
Saturday, 27 June 2026 5.39 PM IST

വെള്ളിക്കുളമ്പിലെ കുടിവെള്ള വിതരണം തുടങ്ങിയില്ല: വാട്ടർ അതോറിറ്റി വാക്കു പാലിച്ചു, കെ.എസ്.ഇ.ബി ചതിച്ചു

transformer

വടക്കഞ്ചേരി: ഏറെ നാളത്തെ നാട്ടുകാരുടെ പോരാട്ടങ്ങൾക്കൊടുവിലാണ് വെള്ളിക്കുളമ്പ്, വാൽക്കുളമ്പ് മേഖലയിൽ കുടിവെള്ള വിതരണത്തിനായി വാട്ടർ അതോറിറ്റി കൊട്ടടിയിൽ കുഴൽ കിണർ കുഴിച്ചത്. ധാരാളം വെള്ളവും കിട്ടി. ഒരു മാസത്തിനുള്ളിൽ മോട്ടോർ ഷെഡ് കെട്ടി വൈദ്യുതി കണക്ഷൻ എടുത്തു കുടിവെള്ള വിതരണം ആരംഭിക്കുമെന്ന് എൻജിനീയർ ഉറപ്പു നൽകി. ഒരു മാസം തികയുന്ന ദിവസം തന്നെ ജലസേചന വകുപ്പ് വാക്ക് പാലിച്ചു. എന്നാൽ പലവിധ മുടന്തൻ ന്യായങ്ങളുയർത്തി കെ.എസ്.ഇ.ബി ഇന്നലെ വൈദ്യുതി കണക്ഷൻ നൽകിയില്ല.
കുഴൽ കിണർ ഉള്ളതിന്റെ എതിർ വശത്താണ് മോട്ടോർ ഷെഡ് ഉള്ളത്. അവിടയെ സ്ഥലമുള്ളൂ. സ്ഥലം സന്ദർശിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ റോഡ് ക്രോസ് ചെയ്തു കണക്ഷൻ നൽകാൻ കഴിയില്ല എന്ന് അറിയിച്ചത് കൊണ്ട് അവരുടെ നിർദ്ദേശപ്രകാരം രണ്ടടി താഴ്ച്ചയിൽ റോഡിൽ ചാലു കീറി പി.വി.സി പൈപ്പ് സ്ഥാപിച്ചപ്പോൾ വീണ്ടും ഉടക്കുമായി ഉദ്യോഗസ്ഥരെത്തി. ജി.ഐ പൈപ്പ് വേണമെന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നിർദേശവും പാലിച്ചപ്പോഴാണ് അടുത്ത പാര വന്നത്. മോട്ടോർ ഷെഡ് സുരക്ഷിതമല്ല എന്നാണ് പുതിയ കണ്ടുപിടുത്തം.

ഇന്നലെ വൈകുന്നേരത്തോടെ കുടിവെള്ള വിതരണം ആരംഭിക്കേണ്ടത്. കെ.എസ്.ഇ.ബി മനഃപൂർവ്വം മുടക്കിയതാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. സുരക്ഷയെ പറ്റി പറയുന്ന കെ.എസ്.ഇ.ബിയുടെ പാറച്ചാട്ടത്തെ ട്രൻസ്‌ഫോർമറിലെ ഹൈ ടെൻഷൻ കേബിളുകൾ ഒരു ചെരുപ്പിന്റെയും കുപ്പിയുടേയും സുരക്ഷയിലാണ് നിൽക്കുന്നത്. ഇവിടെ സുരക്ഷാ വേലിയുമില്ല. ധാരാളം വാഹനങ്ങളും പൊതുജനങ്ങളും സഞ്ചരിക്കുന്ന പൊതുവഴിലെ ട്രാൻസ്‌ഫോർമറിനേക്കാൾ കൃത്യമായ സുരക്ഷ മോട്ടോർ ഷെഡിനുണ്ടെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കൃത്യവിലോപത്തിനെതിരെ ഉന്നത കേന്ദ്രങ്ങളിൽ പരാതി നൽകുമെന്നും സുലൈമാനും നാട്ടുകാരും പറയുന്നു.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്തോ രഹസ്യ അജണ്ട നടപ്പാക്കുകയാണ്. പരാതിയുമായി പഞ്ചായത്ത് മുതൽ കളക്ടറേറ്റ് വരെ മാസങ്ങൾ കയറിയിറങ്ങി അവസാനം ഗ്രാമസഭ ബഹിഷ്‌കരണം വരെ നടത്തിയ പോരാട്ടങ്ങൾക്കൊടുവിലാണ് നാട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കുഴൽ കിണർ കഴിച്ചത്.
വി.എം.സുലൈമാൻ, സാമൂഹ്യ പ്രവർത്തകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL