SignIn
Kerala Kaumudi Online
Friday, 23 October 2026 2.43 AM IST

ശങ്ക തീർക്കാൻ നെട്ടോട്ടമോടുമ്പോഴും പൊതു ശൗചാലയം തുറന്ന് കൊടുക്കാതെ അധികൃതർ

nagarasabha
മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ അടച്ചിട്ടിരിക്കുന്ന പൊതുശൗചാലയം.

മണ്ണാർക്കാട്: മിനി സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്കുള്ള ശൗചാലയം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ. വിവിധ ആവശ്യങ്ങൾക്കായി നൂറ് കണക്കിന് പേർ ദിനംപ്രതി എത്തുന്ന സിവിൽ സ്റ്റേഷനിലാണ് ഈ ഗതികേട്. ഇതുമൂലം നിരവധി പേരാണ് ബുദ്ധിമുട്ടുന്നത്. മണ്ണാർക്കാട് നഗരസഭയുടെ കീഴിലുള്ള ശൗചാലയമാണ് ജനങ്ങൾക്ക് യാതൊരു ഉപകാരവുമില്ലാതെ അടച്ചിട്ടിരുക്കുന്നത്. മുമ്പ് മണ്ണാർക്കാട് പഞ്ചായത്തായിരുന്ന സമയത്താണ് ഇതു നിർമിച്ചത്. എന്നാൽ വെള്ളവും വൈദ്യുതിയുമില്ലാത്തതിനാൽ അടഞ്ഞുകിടക്കുകയായിരുന്നു. കാലപ്പഴക്കത്താൽ ഇതിനുള്ളിലെ ഉപകരണങ്ങൾ പലതും നശിക്കുകയും ചെയ്തിട്ടുണ്ട്. അടഞ്ഞുകിടക്കുന്നതിനാൽ പലരും സമീപത്തെ ആളൊഴിഞ്ഞ ഭാഗത്ത് മൂത്രവിസർജ്ജനം നടത്തുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. ജീവനക്കാരെ നിയമിച്ച് പണംകൊടുത്ത് ഉപയോഗിക്കാവുന്ന തരത്തിൽ ശൗചാലയം മാറ്റിയെടുക്കണമെന്നും പൊതു ആവശ്യമുണ്ട്.

സിവിൽസ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളാണ് ശൗചാലയമില്ലാത്തതിനാൽ ഏറെയും ബുദ്ധിമുട്ടുന്നത്. പലപ്പോഴും ജീവനക്കാരുപയോഗിക്കുന്ന ശൗചാലയങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതു ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പൊതുശൗചാലയം നന്നാക്കി തുറന്നുകൊടുക്കണമെന്ന ആവശ്യവും നാളുകളായി ഉയരുന്നുണ്ട്. സമീപത്തെ ഓട്ടോതൊഴിലാളികൾക്കും വ്യാപാരികൾക്കും ചങ്ങലീരി ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്നവർമെല്ലാം ഏറെ ഉപയോഗപ്രദമാകും. ടേക്ക് എ ബ്രേക്ക് പദ്ധതിയിലുൾപ്പെടുത്തി നഗരസഭ കുറച്ചു നവീകരണപ്രവൃത്തികൾ നടത്തുകയും ചെയ്തു. വെള്ളവും വൈദ്യുതിയുമെത്തിച്ചിട്ടുണ്ട്. കെട്ടിടത്തിനു മുകളിൽ ടാങ്കും സ്ഥാപിച്ചു. സ്ത്രീകൾക്കും പുരുഷൻമാർക്കും ഉപയോഗിക്കാവുന്ന തരത്തിൽ പ്രത്യേകം മുറികളുമുണ്ട്. ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന ഒരു ശൗചാലയമുറിയും ഇവർക്ക് ഇതിലേക്ക് എത്തിച്ചേരാനായി പ്രത്യേക റാമ്പും സ്ഥാപിച്ചു. പൊട്ടിയ ഉപകരണങ്ങളും മറ്റും ഇനിയും പുനഃസ്ഥാപിക്കേണ്ടതുണ്ട്. മുമ്പ് സ്ഥാപിച്ച ജനലുകളുടെ ചില്ലുകളും മറ്റും ആരോ ഇളക്കിമാറ്റി കൊണ്ടുപോയതിനാൽ ഇതുൾപ്പടെയുള്ള കാര്യങ്ങളും പൂർത്തീകരിക്കണം.

അറ്റകുറ്റപ്പണി നടത്തി ശൗചാലയം ഉടൻ തുറന്നുകൊടുക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.വർഷങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ ഏതാനും അറ്റകുറ്റപ്പണികൾ കൂടി നടത്തേണ്ടതുണ്ട്. ഇതിനുള്ള ദർഘാസ് ഉടൻ ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്. എത്രയും വേഗം ശൗചാലയം തുറന്നു കൊടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

സി.മുഹമ്മദ് ബഷീർ

നഗരസഭ ചെയർമാൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MANNARKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL