SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 AM IST

കോരയാർ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

puzha
കോരയാർ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയപ്പോൾ

കഞ്ചിക്കോട്: കോരയാർ പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത് പരിഭ്രാന്തി പടർത്തി. ഇന്നലെ രാവിലെയാണ് കോരയാർ പുഴയിലെ കഞ്ചിക്കോട് കൊയ്യാമരക്കാട് ഭാഗത്ത് ആയിരക്കണക്കിന് മത്സ്യകുഞ്ഞുങ്ങൾ ചത്ത് പൊങ്ങിയത്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാംപിൾ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ചത്ത മീനുകളെ നീക്കം ചെയ്തിട്ടില്ല. ആയിരക്കണക്കിന് മീനുകൾ ചത്ത് കരയ്ക്കടിഞ്ഞ് കിടക്കുന്നുണ്ട്. ഇതിന് പുറമെ ധാരാളം ചത്ത മീനുകൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നുമുണ്ട്. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ ദുർഗന്ധം വമിക്കാൻ തുടങ്ങും. ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് പോകുന്ന പുഴയായതിനാൽ മീനുകളെ നീക്കാത്തത് വലിയ ആശങ്ക ഉയർത്തുന്നുണ്ട്. വാളയാർ പുഴയെന്ന് പ്രാദേശികമായി അറിയപ്പെടുന്ന കോരയാർപുഴ വാളയാർ ഡാമിൽ നിന്നും ഒഴുകുന്ന പുഴയാണ്. വാളയാർ ഡാമിൽ ചെളിയെടുക്കൽ നടക്കുന്നതിനാലാണ് ധാരാളം മീനുകൾ പുഴയിലേക്ക് ഒഴുകി വന്നത്. വാളയാർ ഡാമിൽ വലിയ മത്സ്യ സമ്പത്തുണ്ട്. ഇനിയും കൂടുതൽ മത്സ്യങ്ങൾ ഒഴുകി വന്നാൽ ദുരന്തം ആവർത്തിക്കലാവും ഫലം. കഞ്ചിക്കോട് ഭാഗത്ത് പുഴ മലീമസമായാണ് കിടക്കുന്നത്. ഫാക്ടറികളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ പുഴയിലേക്കാണ് ഒഴുക്കുന്നത്. ഇത്തരം വിഷവസ്തുക്കൾ പുഴവെള്ളത്തിൽ കലർന്നതാണ് മീനുകൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ കുറ്റകരമായ അനാസ്ഥയാണ് ഈ സാഹചര്യമുണ്ടാക്കിയതെന്ന് പരിസരവാസിയും ചുള്ളിമട ക്ഷീരവികസന സഹരണസംഘം പ്രസിഡന്റുമായ ജയകാന്തൻ പറഞ്ഞു. പുഴ മലിനമായി കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ശുചീകരിക്കാൻ ഗ്രാമപഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചില്ല. വിഷവസ്തുക്കൾ പുഴയിലേക്ക് തള്ളുന്നത് തടയാനും നടപടിയുണ്ടായില്ല.


കോരയാർ പുഴയിൽ മീനുകൾ ചത്തൊടുങ്ങിയ വിവരമറിഞ്ഞ് സ്ഥലം സന്ദർശിച്ചു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് പരിശോധിച്ച് ഇനി ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കും. മൂന്ന് ദിവസത്തിനകം മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് കിട്ടും. റിപ്പോർട്ട് പരിശോധിച്ച് കർശന നടപടി സ്വീകരിക്കും.
എൻ.പ്രസീത, പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL