
ചിറ്റൂർ: ചിറ്റൂരിൽ നടന്ന രണോത്സവത്തിന്റെ സ്മരണപുതുക്കിയുള്ള കൊങ്ങൻപട ഉത്സവത്തിന് പങ്കുചേരാൻ കഠിനമായ വേനൽ ചൂടിനെ പോലും വകവയ്ക്കാതെ വൻ ജനാവലി ചിറ്റൂർ ദേവസന്നിധിയിലേക്ക് ഒഴുകി എത്തി. തിങ്കളാഴ്ച പുലർച്ചെ ചിറ്റൂർ കാവിനു സമീപം അരത്തി കാവുതീണ്ടുന്ന ചടങ്ങോടെ ഉത്സവപരിപാടികൾ തുടങ്ങി. തുടർന്ന് കൊങ്ങനുമായി യുദ്ധത്തിനു തയ്യാറാണെന്ന വിളംബരവുമായി ഈടുവെടി മുഴങ്ങിയതോടെ ദേശം ഉത്സവലഹരിയിലായി. രാവിലെ ഒൻപതിനു വാൾവെച്ചപാറയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ആന എഴുന്നള്ളിപ്പ് നടന്നു. തുടർന്നു തിരിച്ചെഴുന്നള്ളത്തും പല്ലാവൂർ ശ്രീധരൻമാരാരുടെ നേതൃത്വത്തിൽ നടന്ന പഞ്ചവാദ്യവും കാണികളിൽ ഹരം പകർന്നു. ഉച്ചയ്ക്കുശേഷം മൂന്നിനു വേട്ടയ്‌ക്കൊരുമകൻ കാവിൽ സദനം ശ്രീകുമാറിന്റെയും സംഘത്തിന്റെയും പഞ്ചാരിമേളം ഉത്സവത്തിന് കൊഴുപ്പേകി. വൈകീട്ട് അഞ്ചിന് ആന, വാദ്യമേളങ്ങൾ എന്നിവയോടെ ദേവിയും കോലക്കുട്ടികളുമായി ചിറ്റൂർക്കാവിലേക്ക് എഴുന്നള്ളിപ്പ് ചടങ്ങിലും ആയിരങ്ങൾ പങ്കെടുത്തു. കൊടി, തഴ, തട്ടിൻമേൽകൂത്ത് എന്നിവയും അകമ്പടിയായി ഉണ്ടായിരുന്നു. രാത്രി എട്ടിനു പാണ്ടിമേളത്തോടെ കാവുകയറൽ ചടങ്ങിനു ശേഷം 10ന് ചിറ്റൂർ കാവിൽ കൊങ്ങന്റെ ഓലവായന, തുടർന്ന് കൊങ്ങനുമായി ഏറ്റുമുട്ടിയ അരിമന്ദത്തുകാവിൽ യുദ്ധം പടമറിച്ചിൽ, കട്ടിൽശവം എന്നീ പ്രധാന ആചാരാനുഷ്ടാന ചടങ്ങുകളും രണോത്സവത്തിനു മാറ്റു കൂട്ടി. ഇന്ന് പുലർച്ചെ ശേഖരിവേലയാണ്. രാത്രി ആശാരിപൂശാരി വേലയും ചെറുവേലകളും ഉണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |