SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

കൊടും ചൂടിനൊപ്പം പാലക്കാട് അൾട്രാവയലറ്റ് ഭീഷണിയും

heatwave

പാലക്കാട്: രണ്ട് ദിവസം നേരിയ മഴ ലഭിച്ചെങ്കിലും പാലക്കാട് ജില്ലയിൽ ചൂടിന്റെ കാഠിന്യം തെല്ലും കുറഞ്ഞിട്ടില്ല. ഇതിനൊപ്പം ഉയർന്ന തോതിൽ അൾട്രാവയലറ്റ് വികിരണവും രേഖപ്പെടുത്തിയതിനെ തുടർന്ന് ജില്ലയിൽ ഇന്നലെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെഡ് അലർട്ടും പ്ര്യഖ്യാപിച്ചിരുന്നു. ജില്ലയിൽ 11 എന്ന സൂചികയിലാണ് അൾട്രാവയലറ്റ് വികിരണ തോത് രേഖപ്പെടുത്തിയത്. പാലക്കാട്, മലപ്പുറം ജില്ലകൾക്കായി തൃത്താലയിലും പൊന്നാനിയിലുമാണ് അൾട്രാവയലറ്റ് (യു.വി) മീറ്ററുകൾ സ്ഥാപിച്ചിട്ടുള്ളത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻ കരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

 പകൽ 10 മുതൽ മൂന്ന് വരെ ശ്രദ്ധിക്കണം
പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദ സഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കുക. മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു.വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു.വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു.വി സൂചിക ഉയർന്നതായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL