SignIn
Kerala Kaumudi Online
Friday, 23 October 2026 1.07 PM IST

കാത്തിരിപ്പിന് വിരാമം: പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് റെഡി

bus-stand
ടാറിംഗ് പൂർത്തിയാക്കിയ പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ്

 ബസ് സർവീസിൽ തീരുമാനം ഉടൻ

പാലക്കാട്: നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നു. പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന്‌ ബസുകൾ സർവീസുകൾ ആരംഭിക്കുന്നത്‌ സംബന്ധിച്ച്‌ തീരുമാനം ഉടൻ. രണ്ടുദിവസത്തിനകം പാലക്കാട്‌ നഗരസഭാ ചെയർപേഴ്‌സണിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഗതാഗത ഉപദേശകസമിതി യോഗം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. ഉപദേശക സമിതി തീരുമാനമെടുത്താൽ തുടർ നടപടികൾ വേഗത്തിലാക്കാനാണ് ധാരണ. സ്റ്റാൻഡ് പരമാവധി വേഗത്തിൽ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുമെന്ന് നഗരസഭാംഗം സെയ്ദ് മീരാൻ ബാബു പറഞ്ഞു. മുനിസിപ്പൽ സ്റ്റാൻഡിന് സമീപത്തെ കെട്ടിടം നിലംപൊത്തിയതിനെ തുടർന്ന് 2019ലാണ് ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു നീക്കിയത്. തുടർന്ന് വി.കെ.ശ്രീകണ്ഠൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2.26 കോടി രൂപ ഉപയോഗിച്ചാണ് സ്റ്റാൻഡിൽ ബസ് ടെർമിനൽ നിർമ്മിച്ചത്. ടാറിംഗ്, ചാൽ നവീകരണം, നടപ്പാത, ടേക് എ ബ്രേക് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നഗരസഭയാണു നടത്തിയത്. മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നുള്ള ബസ് സർവീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ഗതാഗത ഉപദേശക സമിതി യോഗം രണ്ടുദിവസത്തിനകം ചേരുമെന്നു നഗരസഭാദ്ധ്യക്ഷ പ്രമീളാ ശശിധരൻ പറഞ്ഞു.

 തിരിച്ചെത്തുമോ പഴയ ബസുകളെല്ലാം?

പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യുന്ന യാർഡിന്റെ ടാറിംഗ് പൂർത്തിയായി. സമീപത്തു തന്നെയുള്ള ടേക് എ ബ്രേക് ശുചിമുറിയുടെയും വിശ്രമ കേന്ദ്രത്തിന്റെയും നിർമ്മാണവും നേരത്തെ പൂർത്തിയാക്കിയിരുന്നു. സ്റ്റാൻഡിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് രാത്രി വെളിച്ചവും അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ലഘു ഭക്ഷണങ്ങൾ ലഭ്യമാക്കാനുള്ള 3 കിയോസ്‌ക്കുകൾ ടെൻഡർ ചെയ്തു നൽകാനുണ്ട്. ഇതിനുള്ള നടപടികളും വേഗത്തിലാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സ്റ്റാൻഡ് ഉടൻ തുറക്കുമെന്ന് പറയുമ്പോഴും ഇവിടെനിന്ന്‌ സർവീസ് നടത്തിയിരുന്ന മുഴുവൻ ബസുകളും തിരിച്ചെത്തുമോയെന്ന് യാത്രക്കാർക്ക് ആശങ്കയുണ്ട്. നിലവിൽ കോഴിക്കോട്, മണ്ണാർക്കാട് എന്നിവിടങ്ങളിലേക്കുള്ള ബസുകൾ സ്റ്റേഡിയം സ്റ്റാൻഡിൽനിന്നാണ് സർവീസ് നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL