SignIn
Kerala Kaumudi Online
Friday, 23 October 2026 6.36 PM IST

2018ൽ തകർന്ന പള്ളം ചുള്ളിയാർ പാലത്തിന്റെ നിർമ്മാണം നീളുന്നു

chulliyar-bridge
തകർന്ന പള്ളം ചുള്ളിയാർ പുഴ പാലത്തിന്റെ അവശിഷ്ട്ങ്ങൾക്കിടയിലുടെ പുഴ മുറിച്ച് കടക്കുന്ന വിദ്യാർത്ഥികൾ.

 വിനയായത് അപ്പ്രോച്ച് റോഡിന്റെ നിർമ്മാണം
 2018 ൽ തകർന്ന പാലം 8 വർഷമായിട്ടും പുനർ നിർമ്മിച്ചില്ല


മുതലമട: ഗായത്രിപുഴയ്ക്ക് കുറുകെയുള്ള പള്ളം ചുളളിയാർ പുഴപ്പാലം നിർമ്മാണം അനിശ്ചിതത്വത്തിൽ. കരാർ നടപടികൾ പൂർത്തിയാക്കി ഏഴുമാസം കഴിഞ്ഞിട്ടും നാളതുവരെയായി നിർമ്മാണം ആരംഭിച്ചിട്ടില്ല. അപ്പ്രോച്ച് റോഡിന്റെ നിർമ്മാണത്തിലുള്ള തടസമാണ് പാലം പണി വൈകാൻ കാരണമെന്നാണ് അധികൃതരുടെ പക്ഷം. 2024 ആഗസ്റ്റ് കരാർ ഉടമ്പടി പ്രാബല്യത്തിലാക്കി നിർമ്മാണം ആരംഭിക്കാൻ ഒരുങ്ങിയ പദ്ധതി നാളിതുവരെ പ്രാരംഭ പ്രവർത്തികൾ പോലും നടത്തിയിട്ടില്ല. 2018ലെ പ്രളയത്തിൽ തകർന്ന ഗർഡറുകളും ഡെക്ക് സ്ലാബും നിർമ്മിക്കാനാണ് മുതലമട പഞ്ചായത്ത് പദ്ധതിയിട്ടത്. അതിനായി 48 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. വേനൽക്കാലത്ത് പുഴയിൽ വെള്ളമില്ലാത്ത സമയത്താണ് പണിനടത്താൻ അനുയോജ്യ സാഹചര്യം. എന്നാൽ പുഴവറ്റി കിടന്നിട്ടും പണി തുടങ്ങാൻ വൈകുന്നതാണ് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ആശങ്കയിലാക്കിയത്.

പള്ളം, മല്ലംകുളമ്പ്, തിരുമികുളമ്പ്, പട്ടർപള്ളം, മുതലമട, നഗർപാടം തുടങ്ങിയിടങ്ങളിലെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ചുള്ളിയാർമേട് എത്താനുള്ള ഏക ആശ്രയമാണ് പള്ളം ചുള്ളിയാർ പുഴ പാലം. ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, ആശുപത്രി, ഗവൺമെന്റ് ഹൈസ്‌കൂളുകൾ, അക്ഷയകേന്ദ്രം തുടങ്ങി നിരവധി സേവനങ്ങൾക്കായി നൂറുകണക്കിന് പൊതുജനങ്ങളും വിദ്യാർത്ഥിക്കളും തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെയാണ് യാത്ര ചെയ്യുന്നത്. വർഷങ്ങളായുള്ള പൊതുജനങ്ങളുടെ ആവശ്യമാണ് പള്ളംചുള്ളിയാർ പുഴപ്പാലം. കഴിഞ്ഞ വർഷകാലത്ത് പുഴയിൽ വെള്ളം കൂടിയ സമയത്ത് വിദ്യാർത്ഥികൾ സാഹസികമായി പുഴ മുറിച്ച് കടന്നത് നാട്ടുകാരെ ഭീതിയിലാക്കി. തുടർന്ന് പൊതുജനങ്ങൾ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാക്കുകയും തുടർന്ന് പഞ്ചായത്ത് പാലം പണി തുടങ്ങാനുള്ള നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. നിലവിൽ പള്ളം ഭാഗത്തുള്ളവർ നിലംപതി കാമ്പ്രത്ത്ച്ചള്ള വഴി അഞ്ച് കിലോമീറ്റർ ചുറ്റിയാണ് ചുളളിയാർമേട് എത്തുന്നത്. പാലം പണി പൂർത്തിയാക്കാനായുള്ള സങ്കേതിക തടസം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയെങ്കിലും നാളിതുവരെയായി നടപടികൾ ഉണ്ടായിട്ടില്ലെന്ന് മുതലമട പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ പറഞ്ഞു. പാലം പണി ഉടൻ തുടങ്ങിയില്ലെങ്കിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ ബഹുജന സമരത്തിന് നേതൃത്വം കൊടുക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MUTHALAMADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL