SignIn
Kerala Kaumudi Online
Friday, 23 October 2026 7.41 AM IST

പാലക്കാട് വ്യവസായ സ്മാർട് സിറ്റി: ടെൻഡർ തിയതി ദീർഘിപ്പിച്ചു

പാലക്കാട്: സ്മാർട് സിറ്റി(ഇന്റഗ്രേറ്റഡ് മാനുഫാക്ച്വറിംഗ് ക്ലസ്റ്റർ) പുതുശ്ശേരി സെൻട്രലിലെയും കണ്ണമ്പ്രയിലെയും അടിസ്ഥാന സൗകര്യവികസനത്തിനുള്ള ടെൻഡർ സമർപ്പിക്കാനുള്ള തിയതി ആഗസ്റ്റ് 12വരെ ദീർഘിപ്പിച്ചു. കൂടുതൽ സ്ഥാപനങ്ങൾക്ക് ടെൻഡറിൽ പങ്കെടുക്കാൻ അവസരം ലഭ്യമാക്കി ഏറ്റവും മികച്ച സ്ഥാപനത്തെ തന്നെ കണ്ടെത്തുന്നതിനാണിതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

കേരള സർക്കാരിനു കീഴിലുള്ള കിൻഫ്രയും കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻ.ഐ.സി.ഡി.ഐ.ടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്(കെ.ഐ.സി.ഡി.സി) ആണ് നടപടികൾ ഏകോപിപ്പിക്കുന്നത്. ടെൻഡർ രേഖകൾ പരിശോധിച്ച് യോഗ്യരായ കരാറുകാരെ ഈ മാസം അവസാനത്തോടെ കണ്ടെത്തും. മറ്റ് തടസങ്ങൾ ഉണ്ടായില്ലെങ്കിൽ സെപ്തംബർ മാസത്തിൽ തന്നെ വർക്ക് ഓർഡർ നൽകാനാണ് കോറിഡോർ വികസന കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

 ഭൂമി ഘട്ടംഘട്ടമായി കൈമാറും

3,600 കോടിയോളം രൂപ ആകെ ചെലവ് കണക്കാക്കിയിട്ടുള്ള പാലക്കാട് സ്മാർട് സിറ്റിക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി രണ്ടു വർഷം മുമ്പുതന്നെ കിഫ്ബി വഴി സംസ്ഥാന സർക്കാർ 1,489 കോടി രൂപ ചെലവിട്ടിരുന്നു. 1,450 ഏക്കർ ഭൂമിയാണ് ഇതിനോടകം ഏറ്റെടുത്തിട്ടുള്ളത്. നിലവിൽ കിൻഫ്രയുടെ കൈവശമുള്ള ഈ ഭൂമി ഘട്ടംഘട്ടമായി പദ്ധതിക്കുവേണ്ടി കെ.ഐ.സി.ഡി.സിക്ക് കൈമാറുകയാണ് ചെയ്യുക. ആദ്യഘട്ടമായി കഴിഞ്ഞ ഡിസംബറിൽ 110 ഏക്കർ ഭൂമിയും മാർച്ചിൽ 220 ഏക്കർ ഭൂമിയും കൈമാറിയപ്പോൾ രണ്ടു ഘട്ടമായി കേന്ദ്രം 313.5 കോടി രൂപയും കൈമാറിയിരുന്നു. വികസനപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മുറയ്ക്ക് ബാക്കി ഭൂമി കോർപ്പറേഷന് കൈമാറുകയാണ് ചെയ്യുക.

 ദേശീയ ടെൻഡർ

സ്മാർട് സിറ്റിയുടെ രൂപകൽപന മുതൽ നിർമാണവും മെയിന്റനൻസും ഉൾപ്പെട്ട ഇ.പി.സി (എൻജിനീയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) കരാറിനാണ് ദേശീയതലത്തിൽ ടെൻഡർ വിളിച്ചിരിക്കുന്നത്. പദ്ധതി പ്രദേശത്ത് ആവശ്യമായ റോഡുകൾ, ഡ്രെയ്‌നേജുകൾ, പാലങ്ങൾ, ജലവിതരണ ശൃംഖല, അഗ്നിശമന മാർഗങ്ങൾ, ജലപുനരുപയോഗ സംവിധാനങ്ങൾ, സീവറേജ് ലൈനുകൾ, ഊർജ്ജ വിതരണ സംവിധാനങ്ങൾ, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, വ്യാവസായിക മലിനജല ശേഖരണ സംവിധാനങ്ങൾ, മലിനജല സംസ്‌കരണ പ്ലാന്റ് തുടങ്ങിയവയാണ് അടിസ്ഥാന സൗകര്യവികസനത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SMARTCITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL