SignIn
Kerala Kaumudi Online
Monday, 21 September 2026 8.44 AM IST

സാനിറ്ററി മാലിന്യം സംസ്‌കരിക്കാൻ സംസ്ഥാനത്ത് നാല് പ്ലാന്റ് സ്ഥാപിക്കും

abc
ഇന്നലെ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിച്ച പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് മൃഗ പ്രജനന നിയന്ത്രണ കേന്ദ്രം കെട്ടിടം.

പാലക്കാട്: സംസ്ഥാനത്ത് സാനിറ്ററി മാലിന്യം സംസ്‌കരിക്കാൻ നാലു പ്ലാന്റുകൾ പുതുതായി ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ്. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് നിർമ്മാണം പൂർത്തിയാക്കിയ മൃഗ പ്രജനന നിയന്ത്രണ(എ.ബി.സി) കേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ, മലപ്പുറം, എറണാകുളം, കൊല്ലം ജില്ലകളിൽ ആരംഭിക്കുന്ന പ്ലാന്റുകളിൽ പ്രതിദിനം 100 ടൺ സാനിറ്ററി മാലിന്യം സംസ്‌കരിക്കാൻ സാധിക്കും. ഇവയുടെ നിർമ്മാണം അഞ്ചുമാസത്തിനുള്ളിൽ പൂർത്തിയാക്കും. ഇതോടെ സംസ്ഥാനത്തെ സാനിറ്ററി മാലിന്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ശുചിത സംരക്ഷണത്തിൽ സമൂഹം വളരെ മുന്നോട്ട് പോയി. കേന്ദ്രസർക്കാരിന്റെ ശുചിത്വ സർവേയിൽ കേരളത്തിലെ നഗരസഭകൾ മുന്നേറി. രാജ്യത്ത് ഏറ്റവും വൃത്തിയുള്ള 100 നഗരങ്ങളിൽ എട്ടെണ്ണം കേരളത്തിൽ നിന്നാണെന്നുള്ളത് അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിചേർത്തു. വീടുകളിൽ ജൈവമാലിന്യം സംസ്‌കരിക്കാൻ സൗകര്യം ഒരുക്കുന്നവർക്ക് അഞ്ചു ശതമാനം നികുതിയളവ് നൽകുമെന്നും അമ്പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് ശുചിത്വ സ്‌കോളർഷിപ്പ് ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിചേർത്തു. പറളി ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപത്തിൽ നടന്ന പരിപാടിയിൽ കെ.ശാന്തകുമാരി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബീനമോൾ മുഖ്യാതിഥിയായി.

 കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ
പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന നാല് എ.ബി.സി കേന്ദ്രങ്ങളിൽ പ്രതിവർഷം ആറായിരത്തോളം നായകളെ വന്ധ്യംകരിക്കാൻ സാധിക്കുമെന്നു മന്ത്രി പറഞ്ഞു. ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് എ.ബി.സി കേന്ദ്രങ്ങളുള്ളത്. അഞ്ചാമത്തെ സെന്ററാണ് പറളിയിലേത്. ഓരോ സെന്ററിലുമായി 120 ഓളം നായകളെ വന്ധ്യംകരണം നടത്തുന്നു. 2016 മുതൽ അറുപത്തിമൂന്നായിത്തോളം നായകളെ വന്ധ്യംകരണം നടത്തി. അടുത്ത മാസത്തോടെ പട്ടാമ്പിയിലെയും ഡിസംബറോടെ മണ്ണാർക്കാട്ടെയും കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാവും. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ, ഗ്രാമപഞ്ചായത്ത് മൂന്നര ലക്ഷം രൂപ എന്നിങ്ങനെ ഫണ്ട് വകയിരുത്തിയാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DOGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL