SignIn
Kerala Kaumudi Online
Friday, 23 October 2026 7.08 AM IST

25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഒക്ടോബർ 4വരെ കാത്തിരിക്കണം

lottery

പാലക്കാട്: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബർ ഭാഗ്യശാലി ആരെന്നറിയാൻ ഒക്ടോബർ 4 വരെ കാത്തിരിക്കണം. ഇന്നലെ നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഒക്ടോബർ 4 ലേക്ക് മാറ്റിയത്. ചരക്കു സേവന നികുതി (ജി എസ് ടി)യുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായെത്തിയ കനത്ത മഴയിലും ടിക്കറ്റുകൾ പൂർണമായി വിൽപ്പന നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് നറുക്കെടുപ്പ് തീയതി മാറ്റിവെച്ചത്.

ഈ വർഷത്തെ തിരുവോണം ബമ്പറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റുകഴിഞ്ഞെന്ന് ഭാഗ്യക്കുറി വകുപ്പ് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ കനത്ത മഴ കാരണം കഴിഞ്ഞ രണ്ടുദിവസമായി ടിക്കറ്റ് വിൽപ്പന കാര്യമായി നടന്നിരുന്നില്ല. പാലക്കാടാണ് നിലവിൽ ഏറ്റവും കൂടുതൽ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ജില്ലയിൽ വിറ്റുപോയത്. ടിക്കറ്റ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂർ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജൻസികൾക്ക് വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷം 71.40 ലക്ഷം എണ്ണം തിരുവോണം ബംബർ ടിക്കറ്റുകൾ ആണ് വില്പന നടന്നത്.


 ഓണം ബംബറിന്റെ സമ്മാനഘടന

കഴിഞ്ഞ തവണ പോലെ ഇത്തവണയും ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കുന്നു. ഈ വർഷത്തെ തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം ജൂലായ് 28നാണ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചത്.

 ഭാഗ്യശാലിക്ക് എന്ത് കിട്ടും

തിരുവോണം ബമ്പർ സമ്മാനത്തുക : 25 കോടി

ഏജൻസി കമ്മിഷൻ 10 ശതമാനം : 2.5 കോടി

സമ്മാന നികുതി 30 ശതമാനം: 6.75 കോടി

ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടലേക്ക് : 15. 75 കോടി

നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം : 2.49 കോടി

ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം : 36.9 ലക്ഷം

അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി : 2.85 കോടി

എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപ(12.8 കോടി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL