SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.45 AM IST

പാലക്കാട് പോർക്കളത്തിൽ നിറഞ്ഞാടി മുന്നണികൾ

pisaradi
പാലക്കാട് ശ്രീവാസവി കന്യകാ പരമേശ്വരി അമ്മൻ ദേവസ്ഥാനം ഗണപതി ക്ഷേത്രത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി സന്ദർശനം നടത്തുന്നു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് 15 ദിവസം മാത്രം അവശേഷിക്കേ പാലക്കാട് പ്രചാരണത്തിന് ചൂടേറി. നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായതോടെ മുന്നണികൾ മണ്ഡലത്തിൽ പ്രചാരണം ഊർജ്ജിതമാക്കി. പാലക്കാട്ടെ കൊടും ചൂടിലും സ്ഥാനാർത്ഥികളും പ്രവർത്തകരുമെല്ലാം പരമാവധി വോട്ടർമാരിലേക്ക് എത്താനുള്ള നെട്ടോട്ടത്തിലാണ്. സൂര്യനുദിക്കും മുമ്പേ പ്രചാരണത്തിനായി സ്ഥാനാർത്ഥികൾ മണ്ഡലത്തിലിറങ്ങും. ഇത്തവണ പ്രചാരണത്തിനു ദിവസങ്ങൾ കുറവായതിനാൽ വോട്ടെടുപ്പിന് മുമ്പ് എല്ലാ വോട്ടർമാരെയും കാണാൻ സാധിക്കമോ എന്ന ആശങ്കയും സ്ഥാനാർത്ഥികൾക്കുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലമാണ് പാലക്കാട്. 2016ലും 2021ലും വിജയം യു.ഡി.എഫിനൊപ്പമായിരുന്നു. അത് നിലനിറുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി. പ്രത്യേക പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത രമേഷ് പിഷാരടിക്ക് ഇത് കന്നിയങ്കമാണെങ്കിലും ജനപിന്തുണ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽ.ഡി.എഫിന് ഇത് അഭിമാന പോരാട്ടമാണ്. കന്നി പോരാട്ടം ആണെങ്കിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ ജില്ലയിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവരോടും വലിയ സൗഹൃദവലയം കാത്തുസൂക്ഷിക്കുന്ന എൻ.എം.ആർ റസാക്കിന് മണ്ഡലം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. മണ്ഡലത്തെ അടുത്തറിയാമെന്നതും റസാഖിന് നേട്ടമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. അതിനാൽ ശേഷിച്ച ദിവസങ്ങളിൽ പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പാക്കാനുള്ള ശ്രമത്തിലാണ് റസാഖും എൽ.ഡി.എഫും.

എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് തിരഞ്ഞെടുപ്പുകൾ പുത്തരിയല്ല. ബി.ജെ.പി സീറ്റ് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നായ പാലക്കാട് കഴിഞ്ഞ തവണ 3,859 വോട്ടുകൾക്കാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നേരിയ ഭൂരിപക്ഷത്തിൽ നഷ്ടപ്പെട്ട വിജയം ഇത്തവണ തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് ശോഭാ സുരേന്ദ്രനുള്ളത്. മറ്റ് സ്ഥാനാ‌ർത്ഥികളെ അപേക്ഷിച്ച് പരിചയ സമ്പന്നത കൂടുതലുണ്ടെന്നതും മണ്ഡലത്തിൽ നേരത്തെ പ്രചാരണം തുടങ്ങിയെന്നതും ശോഭാ സുരേന്ദ്രനു മുതൽക്കൂട്ടാകും. അതുകൊണ്ടുതന്നെ ഇത്തവണ വിജയിക്കുമെന്ന് തന്നെയാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജില്ലയിലെത്തും. 28ന് മുഖ്യമന്ത്രി പിണറായി വിജയനും 29ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രചാരണത്തിനായി പാലക്കാടെത്തുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL