SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.18 PM IST

'പച്ച' വെള്ളം കണ്ട് ഇറങ്ങരുത്, മലിനമാണ്

waste-water

വടക്കഞ്ചേരി: കടുത്ത വേനലിനൊപ്പം മേഖലയിൽ നിരവധി ജലസ്രോതസുകൾ ഗുരുതര മലിനീകരണ ഭീഷണിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ മംഗലംപുഴയിൽ കാണുന്ന വ്യതിയാനം ആശങ്ക ഉയർത്തുന്നു. ഒഴുക്ക് കുറഞ്ഞതിനെ തുടർന്ന് മംഗലംപാലത്തിനുതാഴെ പുഴയിലെ വെള്ളം പച്ചനിറമായി മാറിയിരിക്കുകയാണ്. പായലുകളുടെ അനിയന്ത്രിത വളർച്ചയാണ് ഈ നിറമാറ്റത്തിന് പ്രധാന കാരണം എന്നാണ് ശാസ്ത്രാദ്ധ്യാപകർ വ്യക്തമാക്കുന്നത്. പുറത്തുനിന്ന് നോക്കുമ്പോൾ പച്ചനിറത്തിലുള്ള വെള്ളം ആകർഷകമെന്നു തോന്നുമെങ്കിലും അത് ജലത്തിലെ മലിനീകരണത്തിന്റെ ഏറ്റവും വ്യക്തമായ ലക്ഷണമായി വിദഗ്ധർ വിലയിരുത്തുന്നു.

ഇത്തരം വെള്ളത്തിൽ കുളിക്കുകയോ, വസ്ത്രങ്ങൾ കഴുകുകയോ ചെയ്യുന്നത് പോലും ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ത്വക്ക് രോഗങ്ങൾ, അലർജി തുടങ്ങിയവയ്‌ക്കൊപ്പം ചില നീലഹരിത പായലുകൾ പുറത്തുവിടുന്ന വിഷാംശങ്ങൾ വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാം. മനുഷ്യ വിസർജ്യങ്ങൾ വെള്ളത്തിൽ കലരുന്നതിലൂടെ കോളിഫോം ബാക്ടീരിയയുടെ അളവ് ഉയരുന്നതും സ്ഥിതിയെ കൂടുതൽ ഗുരുതരമാക്കുന്നു.

'മിനി പമ്പ' എന്നറിയപ്പെടുന്ന മംഗലംപാലം ശബരിമല സീസണിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് തീർഥാടകർ എത്തുന്ന കേന്ദ്രമാണ്. എന്നാൽ ആവശ്യമായ ശുചിത്വ സൗകര്യങ്ങളുടെ അഭാവത്തിൽ പലപ്പോഴും മലമൂത്ര വിസർജനം പുഴയോരങ്ങളിൽ നടക്കുന്നത് മലിനീകരണത്തിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.

വെള്ളം പച്ചനിറമായത് കാരണം പുഴയിലേക്ക് ഇറങ്ങാറില്ല. മുൻപ് രണ്ട് നേരവും ഈ പുഴയിലായിരുന്നു കുളിച്ചിരുന്നത്.

ശശിന്ദ്ര, പ്രദേശവാസി.

വില്ലനായി പായലുകൾ

കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ പുഴയിൽ കലരുന്നതോടെ നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയ ഘടകങ്ങളുടെ അളവ് അമിതമായി വർദ്ധിക്കുന്നു. ഇതാണ് പായലുകളുടെ വളർച്ചയ്ക്ക് ഇടയാക്കുന്നത്. പായലുകൾ വെള്ളത്തിന്റെ മുകളിൽ പച്ചപ്പടലമായി വ്യാപിക്കുമ്പോൾ ജലത്തിലെ ഓക്‌സിജൻ അളവ് ഗണ്യമായി കുറയുകയും മത്സ്യങ്ങൾക്കും മറ്റ് ജലജീവികൾക്കും ഭീഷണിയാകുകയും ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, WASTE WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL