SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.17 PM IST

നെല്ല് സംഭരണം സ്തംഭിച്ചു : കെട്ടിക്കിടക്കുന്നത് 30 ലക്ഷം കിലോ നെല്ല്

muthalamada
സംഭരണം വൈകുന്നതിനാൽ കുറ്റിപ്പാടം പാടശേഖരസമിതിയിലെ നെൽ കർഷകനായ ഹനീഫ നെല്ല് ഉണക്കി ചാക്കിൽ സൂക്ഷിച്ചിരിക്കുന്നു.

 20 പാടശേഖര സമിതി.
 598 കർഷകർ.
 1175 ഏക്കർ നെൽകൃഷി.
 30 ലക്ഷം കിലോ നെല്ല് കെട്ടി കിടക്കുന്നു.

മുതലമട: കേരളത്തിലെ രണ്ടാമത്തെ വലിയ ഗ്രാമപഞ്ചായത്തായ മുതലമടയിൽ നെല്ല് സംഭരണം നിലച്ചതിനെ തുടർന്ന് നെൽകർഷകർ തീരാ ദുരിതത്തിലായിട്ട് മാസങ്ങൾ. മാസങ്ങൾക്ക് മുമ്പ് കൊയ്തെടുത്ത നെല്ല് ഉണക്കിയെടുക്കാനോ ഗോഡൗണിൽ സൂക്ഷിക്കാനോ സൗകര്യങ്ങളും ഇല്ല. ആയിരക്കണക്കിന് പ്ലാസ്റ്റിക്ക് ചാക്കുകളിലായി നിറച്ച് ടാർപ്പായകൾ ഇട്ട് മൂടിയിരിക്കുകയാണ് നെല്ല്. ഏതു സമയത്തും വേനൽ മഴയെത്താമെന്ന ഭീതിയിലാണ് കർഷകർ. സമയബന്ധിതമായി സപ്ലൈക്കോ നെല്ല് സംഭരിക്കാത്തതാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയത്. ഗ്രാമപഞ്ചായത്തിലെ കൃഷിഭവന് കീഴിൽ 20 പാടശേഖര സമിതികളുണ്ട്. 598 നെൽ കർഷകർ 1175 ഏക്കറിലായി നെൽകൃഷി ചെയ്യുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ചെറുകിട കർഷകരാണ്. നിലവിൽ രണ്ട് മില്ലുകൾക്കാണ് നെല്ല് സംഭരിക്കാൻ അലോട്ട്‌മെന്റ് നൽകിയിട്ടുള്ളത്. എന്നാൽ സംഭരണത്തിനായുള്ള പ്രൊക്യൂർമെന്റ് അസിസ്റ്റന്റിനെ സപ്ലൈക്കോ നിയമിക്കാത്തതാണ് നെല്ല് സംഭരരണത്തിന് തടസമായിരിക്കുന്നത്. 30 ലക്ഷം കിലോ നെല്ല് പഞ്ചായത്തിൽ വിവിധയിടങ്ങളിലായി കെട്ടിക്കിടക്കുന്നതായി കർഷകർ പറയുന്നു. കഴിഞ്ഞ സീസണിലും മുതലമടയിലെ നെൽക്കർഷകർ സമാന പ്രതിസന്ധി നേരിട്ടിരുന്നു. കൊയ്തെടുത്ത നെല്ല് ഭൂരിഭാഗവും സംഭരിക്കാൻ ഗോഡൗൺ സൗകര്യമില്ലാതെ വേനൽ മഴയിൽ മുളപൊട്ടി നശിച്ചുപോയിരുന്നു. കൂടാതെ സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ വില സമയ ബന്ധിതമായി കർഷകർക്ക് ലഭിക്കാത്തതും തിരിച്ചടിയായി. നെല്ല് സംഭരിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് കർഷകർ സംയുക്തമായി മുന്നറിയിപ്പ് നൽകി.


രണ്ടാംവിളയിൽ കൊയ്ത നെല്ല് ഒരു മാസത്തിലധികമായി കെട്ടിക്കിടക്കുകയാണ്. റോ‌ഡരികുകളിലും കറ്റക്കളങ്ങളിലും ഇട്ട് കഷ്ട്ടപ്പെട്ടാണ് ഉണക്കിയെടുത്തത്. മില്ല് അലോട്ട്‌മെന്റ് കഴിഞ്ഞ് മാസങ്ങളായിട്ടും പ്രൊക്യൂർമെന്റ് അസിസ്റ്റന്റ്‌നെ നിയമിച്ചിട്ടില്ല. പ്രതിസന്ധി രൂക്ഷമായതിനാൽ നെൽകർക്ഷകർ സമരത്തിനൊരുങ്ങുകയാണ്.

യു.ഹനീഫ കുറ്റിപ്പാടം, ട്രഷറർ, കുറ്റിപ്പാടം പാടശേഖര സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL