
പാലക്കാട്: ജില്ലയിൽ ഇന്ന് 40ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെടാൻ സാഹചര്യമുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പിന്റെ നിർദ്ദേശം. ഇന്നലെ ജില്ലയിൽ 38.8 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
സൂര്യാതപവും സൂര്യാഘാതവും ഏൽക്കുന്ന സാഹചര്യത്തിൽ ആവശ്യമില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കാനാണ് ആര്യോഗ്യ വകുപ്പിന്റെ നിർദ്ദേശം.
രണ്ട് പേർക്ക് സൂര്യാതപമേറ്റു
ജില്ലയിൽ ചൂട് കൂടിയ സാഹചര്യത്തിൽ ഇന്നലെ രണ്ട് പേർക്ക് സൂര്യാതപമേറ്റു. ഒറ്റപ്പാലത്ത് ഓട്ടോ ഡ്രൈവറായ ജയനും ലക്കിടിയിൽ ജയശ്രീക്കുമാണ് സൂര്യാതപമേറ്റത്.
സൂര്യാതപം
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ പതിക്കുന്നത് മൂലം ശരീരത്തിലുണ്ടാകുന്ന പൊള്ളലാണ് സൂര്യാതപം. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയങ്ങളിൽ വെയിലേറ്റാൽ സൂര്യാതപമേൽക്കാനുള്ള സാധ്യത കൂടുതലാണ്.
ലക്ഷണങ്ങൾ
ചർമം ചുവന്ന് വീർക്കുകയും പൊള്ളലേറ്റ പോലെ അനുഭവപ്പെടുകയും ചെയ്യുന്നു
ചൊറിച്ചിൽ
ചെറിയ കുമിളകൾ
കുറച്ച് ദിവസങ്ങൾക്ക് ശേഷം ചർമം ഉരിഞ്ഞു പോവുക
പരിഹാരമാർഗങ്ങൾ
തണുത്ത വെള്ളമോ ഐസ് ക്യൂബോ ഉപയോഗിച്ച് ശരീരം തണുപ്പിക്കുക
പൊള്ളൽ കുമിളകൾ ചൊറിയുകയോ പൊട്ടിക്കുകയോ ചെയ്യരുത്
ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ലേപനങ്ങൾ പുരട്ടുക
സൂര്യാഘാതം
ശരീരത്തിന് താങ്ങാവുന്നതിലധികം ചൂട് ഏൽക്കുമ്പോൾ ശരീരത്തിന്റെ താപനില നിയന്ത്രണ സംവിധാനം തകരുകയും ശരീരത്താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലാവുകയും ചെയ്യുന്ന അവസ്ഥയാണിത്. അത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും.
ലക്ഷണങ്ങൾ
അമിതമായ ശരീര ചൂട്
വിയർപ്പ് ഇല്ലാതാകുക
ചർമ്മം വരണ്ട് ചുവന്നതാവുക
കടുത്ത തലവേദന
തലകറക്കം
ഛർദ്ദി
അസ്വസ്ഥത
മാനസികാവസ്ഥയിൽ മാറ്റങ്ങളുണ്ടാവുക
പരിഹാരമാർഗങ്ങൾ
ഉടനടി ശരീരം തണുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യുക
തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കുക
തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക
കട്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക
കഴിയുന്നതും വേഗം വൈദ്യ സഹായം തേടുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |