SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

കോടിക്കിലുക്കത്തിൽ മലമ്പുഴ മത്സ്യക്കുഞ്ഞ് ഉൽപ്പാദന കേന്ദ്രം

fish
fish

പാലക്കാട്: തുടർച്ചയായി മൂന്നാം തവണയും മലമ്പുഴ ദേശീയ മത്സ്യക്കുഞ്ഞ് ഉൽപ്പാദന കേന്ദ്രത്തിന് കോടിക്കിലുക്കം. 2025 ഏപ്രിൽ ഒന്നുമുതൽ 2026 മാർച്ച് 31വരെ ഉൽപ്പാദിപ്പിച്ചത് 1.52 കോടി മത്സ്യക്കുഞ്ഞുങ്ങൾ. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സ്യങ്ങളെ ഉൽപ്പാദിപ്പിച്ച കേന്ദ്രം വീണ്ടും മലമ്പുഴയായി. 2023 - 2024, 2024 - 2025 സാമ്പത്തിക വർഷങ്ങളിൽ ഒന്നരക്കോടി മത്സ്യക്കുഞ്ഞുങ്ങളെ ഇവിടെ ഉൽപ്പാദിപ്പിച്ചിരുന്നു. കോമൺ കാർപ്പ് എന്ന് അറിയപ്പെടുന്ന സൈപ്രിനസ് കാർപ്പിയോയാണ് ഏറ്റവും കൂടുതൽ ഉൽപാദിപ്പിച്ചതും വിറ്റഴിച്ചതുമായ മത്സ്യം. 71.02 ലക്ഷം മത്സ്യങ്ങളെയാണ് ഉൽപ്പാദിപ്പിച്ചത്. ഏറ്റവും കൂടുതൽ വിറ്റഴിച്ചതും ഇതേ മത്സ്യം. വടക്കുകിഴക്കൻ മൺസൂണിലെ പ്രജനന കാലത്ത് വലിയ അളവിൽ മത്സ്യക്കുഞ്ഞുങ്ങളെ വലിയ തോതിൽ ഉൽപ്പാദിപ്പിച്ചെടുത്തിരുന്നു. കഴിഞ്ഞവർഷം കൂടുതൽ വിറ്റഴിച്ച രോഹുവാണ് ഉൽപ്പാദനത്തിലും വിൽപ്പനയിലും രണ്ടാമത്. 46.93 ലക്ഷം കുഞ്ഞുങ്ങളാണ് വിൽപ്പനയ്‌ക്കെത്തിയത്. ഇതുകൂടാതെ മൃഗാല - 15.63 ലക്ഷം, കട്ല - 14.7 ലക്ഷം, ഗ്രാസ് കാർപ്പ് - 4.62 ലക്ഷം എന്നിങ്ങനെയാണ് മറ്റ് മത്സ്യങ്ങളുടെ കണക്കുകൾ.

മലമ്പുഴയിൽ 5.44 ഹെക്ടറിൽ 160 കുളങ്ങളിലായിരുന്നു മത്സ്യകൃഷി. മാതൃമത്സ്യങ്ങൾക്ക് അഞ്ച് മില്ലിമീറ്റർ, കുഞ്ഞുങ്ങൾക്ക് നാല് മില്ലിമീറ്റർ എന്നിങ്ങനെയാണ് ദിവസത്തിൽ ഭക്ഷണം നൽകുന്നത്. പ്രസവിച്ച് 45 ദിവസത്തിനശേഷമാണ് ആവശ്യക്കാർക്ക് കുഞ്ഞുങ്ങളെ നൽകുക. കട്ലയ്ക്കും രോഹുവിനും 60 പൈസയും മൃഗാല, സൈപ്രനസ്, ഗ്രാസ് കാർപ്പ് എന്നിവയ്ക്ക് 40 പൈസയുമാണ് വില. ആവശ്യക്കാർക്ക് ഒരു സെന്റ് കുളത്തിന് 30 കുഞ്ഞുങ്ങളെവരെ നൽകും. സംസ്ഥാനത്തെ എല്ലാ ജില്ലയിലേക്കും ഇവിടെനിന്ന് മത്സ്യക്കുഞ്ഞുങ്ങൾ എത്തിയിട്ടുണ്ട്. തെക്കൻ ജില്ലകളിലേക്കാണ് കൂടുതൽ. ജില്ലയിൽ മാത്രം ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. മലമ്പുഴ കൂടാതെ ജില്ലയിലെ മീങ്കര, ചുള്ളിയാർ, മംഗലം, വാളയാർ തുടങ്ങിയ കേന്ദ്രങ്ങളും അതിവേഗം ലക്ഷ്യം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL