SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

മേനോൻതരിശ് പാലത്തിൽ ഭീഷണിയായി ഭാരവാഹനങ്ങൾ

bridge
മേനോൻതരിശ് പാലത്തിൽ പി.ഡബ്ല്യു.ഡി അധികൃതർ പരിശോധന നടത്തുമ്പോൾ അതുവഴി കടന്നുപോകുന്ന ടോറസ്.

 ബലക്ഷയം സ്ഥിരീകരിച്ചിട്ടും നിയന്ത്രണമില്ല  ദിവസേന നൂറോളം ട്രിപ്പുമായി ടോറസ് ലോറികൾ

വടക്കഞ്ചേരി : ഗുരുതര ബലക്ഷയം സ്ഥിരീകരിച്ച മേനോൻതരിശ് പാലത്തിലൂടെ നിയന്ത്രണമില്ലാതെ ഭാരവാഹനങ്ങൾ കടന്നുപോകുന്നതിനെതിരെ നാട്ടുകാരുടെ ആശങ്ക ശക്തമാകുന്നു. പൊതുമരാമത്ത് വകുപ്പിന്റെ വിദഗ്ധ സംഘം പരിശോധന നടത്തുന്നതിനിടയിലും അമിത ഭാരം കയറ്റിയ ടോറസ് ലോറികളാണ് പാലത്തിലൂടെ കടന്നുപോയത്.

ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് ചെറിയ കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. ദിവസേന പത്തോളം ടോറസുകൾ എട്ടു മുതൽ പത്ത് തവണവരെ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ഇതോടെ ഒരു ദിവസം 80 മുതൽ 100 തവണ വരെയാണ് ഭാരവാഹനങ്ങൾ ഇരുഭാഗത്തേക്കുമായി പോകുന്നത്.

 പുതിയ പാലം നിർമ്മിക്കേണ്ടിവരും

45 വർഷം പഴക്കമുള്ള പാലത്തിന് നിലവിൽ ആറു മുതൽ ഏഴ് ടൺ വരെ മാത്രമേ സുരക്ഷിതമായി താങ്ങാനാകൂവെന്ന് വിദഗ്ധ സംഘം വ്യക്തമാക്കിയിരുന്നു. പാലത്തിന്റെ അടിഭാഗത്ത് കോൺക്രീറ്റ് പൊളിഞ്ഞ് ഇരുമ്പ് പുറത്ത് തെളിഞ്ഞ നിലയിലും തൂണുകളിൽ കുലുക്കം അനുഭവപ്പെടുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. പുതിയ പാലം നിർമ്മിക്കേണ്ട സാഹചര്യമാണെന്ന ശുപാർശ നൽകുമെന്നും അധികൃതർ അറിയിച്ചിരുന്നു.

ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കാൻ അടിയന്തര നടപടി ഉണ്ടായിട്ടില്ല. പാലത്തിന്റെ ഇരുവശങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ഭാരപരിധി കർശനമായി നടപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

പി.ഡബ്ല്യു.ഡി അധികൃതരുടെ നിർദേശപ്രകാരം വിഷയം കിഴക്കഞ്ചേരി പഞ്ചായത്ത് ഭരണസമിതിയിൽ അവതരിപ്പിക്കുമെന്നും ആവശ്യമെങ്കിൽ ഭാരവാഹന ഗതാഗതം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡിക്ക് കത്ത് നൽകുമെന്നും കിഴക്കഞ്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.തങ്കപ്പൻ അറിയിച്ചു.

പാലത്തിന്റെ സുരക്ഷയെ കുറിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോട്ടേക്കുളം ജനജാഗ്രത സമിതി ചെയർമാൻ ടി.വി. ബിജുമോൻ ആവശ്യപ്പെട്ടു. പാലം തകർന്നാൽ പട്ടയംമ്പാടം, കൊന്നക്കൽക്കടവ് ഉൾപ്പെടെയുള്ള മേഖലകളിലെ ആയിരക്കണക്കിന് ജനങ്ങളുടെ ദൈനംദിന ജീവിതം പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, PWD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL