
16 ദിവസത്തിനിടെ വിവിധ ആശുപത്രികളിലായി ഡെങ്കിപ്പനി ലക്ഷണത്തോടെ എത്തിയ 257 പേർ
ഇതിൽ 43 പേർക്ക് രോഗം സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് ഒ.പിയിലെത്തിയത് 6,965 പേർ
ഇതിൽ 114 പേർ കിടത്തിച്ചികിത്സയിൽ
പാലക്കാട്: മഴ എത്തിയതോടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും ദിനംപ്രതി കൂടുന്ന. 16 ദിവസത്തിനിടെ വിവിധ ആശുപത്രികളിലായി ഡെങ്കിപ്പനി ലക്ഷണത്തോടെ എത്തിയ 257 പേരിൽ 43 പേർക്ക് രോഗം സ്ഥിരീകരിച്ചു. പനി ബാധിച്ചവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് 6,965 പേരാണ് ഇതുവരെ ഒ.പിയിലെത്തിയത്. ഇതിൽ 114 പേർ കിടത്തിച്ചികിത്സയിലാണ്. പകൽ സമയങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകാണ് രോഗം പരത്തുന്നത്. ഇടവിട്ടുള്ള മഴയാണ് കൊതുക് വ്യാപനത്തിന് കാരണം.
ഉയർന്ന പനി, പേശികളിലും സന്ധികളിലും വേദന, കഠിനമായ തലവേദന, കണ്ണുകളുടെ പിൻഭാഗത്തുള്ള വേദന, ശരീരത്തിൽ ചുവന്ന പാടുകൾ, ഓക്കാനം, ഛർദി, അതിസാരം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കൊതുക് കടിച്ച് മൂന്നുമുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ചില സാഹചര്യങ്ങളിൽ കഠിനമായ വയറുവേദന, വിട്ടുമാറാത്ത ഛർദ്ദി, മലത്തിലൂടെയോ മൂക്കിലൂടെയോ വായയിലൂടെയോ ഉള്ള രക്തസ്രാവം, അമിതമായ തളർച്ച എന്നിവ ഡെങ്കിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാകാം. സ്വയം ചികിത്സ ഒഴിവാക്കി വൈദ്യസഹായം തേടുകയാണ് പ്രഥമ പ്രതിരോധം.
ശ്രദ്ധിക്കണം, പലതും
പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാൽ സ്വയം ചികിത്സ ഒഴിവാക്കണം. പനി മാറിയാലും കുറച്ച് ദിവസം കൂടി സമ്പൂർണ വിശ്രമം തുടരുക. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളം കുടിക്കണം. ഡെങ്കിപ്പനി ബാധിതർ പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുക് വലയ്ക്കുള്ളിലായിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകാനുള്ള സാദ്ധ്യത കൂടുതലാണ്.
പ്രതിരോധം
ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാർഗം. ആഴ്ച തോറും വീടും, സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കണം. ഈഡിസ് കൊതുകുകൾ പ്രജനനം നടത്തുന്നത് വീടിനകത്തും, പരിസരത്തുമാണ്. വെള്ളം സംഭരിച്ച പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ചെടികളുടെ അടിയിൽ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞ ടയറുകൾ ടാർപോളിൻ, റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുകിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്, സൺഷെയ്ഡ്, പാത്തികൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |