SignIn
Kerala Kaumudi Online
Saturday, 23 May 2026 2.01 AM IST

വാളയാറിൽ കൂട്ടത്തോടെ നാട്ടിലിറങ്ങി കാട്ടാനകൾ

elephant

വാളയാർ: ജനവാസ മേഖലയിൽ കാട്ടാനകളുടെ വിഹാരം തുടരുന്നു. വാളയാർ മുതൽ പുതുശ്ശേരി വരെ പലയിടത്തും നിത്യേന ആനകളെ കാണാൻ തുടങ്ങിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. കൃഷി നാശവും പതിവായിട്ടുണ്ട്. മുൻ കാലങ്ങളിലും ഈ മേഖലയിൽ ആനശല്യം ഉണ്ടായിരുന്നെങ്കിലും ഇത്രയും അധികം ആനകളെ കണ്ടിരുന്നില്ല. ഒരു ഒറ്റയാനും പിന്നെ ഒരു ചുരുളി കൊമ്പനുമാണ് കുറെ കാലം ഇവരുടെ ഉറക്കം കെടുത്തിയിരുന്നത്. രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ എട്ട് ആനകൾ ഒരുമിച്ച് ഇറങ്ങിയിരുന്നെങ്കിലും ഇവയെ പെട്ടെന്ന് തിരിച്ച് വനത്തിലേക്ക് കയറ്റിയിരുന്നു. എന്നാൽ അടുത്തകാലത്തായി ഒരേ സമയത്ത് പലയിടങ്ങളിലായി മൂന്നും നാലും ആനകളെ ഒരുമിച്ച് കണ്ട് തുടങ്ങിയതോടെയാണ് ജനങ്ങൾ ഭീതിയിലായത്. ആന കൂട്ടങ്ങൾ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ വനം വകുപ്പ് രംഗത്തിറങ്ങി. വാച്ചർമാരെ വിന്യസിപ്പിച്ച് തിരച്ചിൽ ഊർജ്ജിതമാക്കിയെങ്കിലും വനം വകുപ്പിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

 ആനകൾ 18 എണ്ണം?
വാളയാറിലും കഞ്ചിക്കോട്ടുമായി വനത്തോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലയിൽ ഇപ്പോഴും 18 ആനകളുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. ആനകൾ ഇറങ്ങുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തിയും സി.സി.ടി.വികൾ വഴി പരിശോധന നടത്തിയും ആണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ നിഗമനത്തിലെത്തിയത്. 27 ആനകൾ വനത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നുവെന്നും ഇതിൽ 9 എണ്ണം വനത്തിലേക്ക് തിരികെ പോയി എന്നുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പതിനെട്ട് ആനകൾ ജനവാസ മേഖലയിൽ കറങ്ങുന്നത് വാളയാർ, കഞ്ചിക്കോട് മേഖലകളെ ബാധിക്കുന്ന വലിയ സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. ആനകൾ അപകടകാരികളല്ലെന്നതാണ് വലിയ ആശ്വാസം. മനുഷ്യരെ കാണുമ്പോൾ ആനകളും ആനകളെ കാണുമ്പോൾ മനുഷ്യരും ഭയന്നോടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ആനകൾ തിരിഞ്ഞോടുമ്പോൾ നാശനഷ്ടങ്ങൾ ഉണ്ടാകുന്നുവെന്നതാണ് മറ്റൊരു പ്രശ്നം. ജനവാസ മേഖലയിലുള്ള മുഴുവൻ ആനകളെയും വനത്തിലേക്ക് എത്തിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് മുൻ പഞ്ചായത്ത് മെമ്പർ പി.ബി.ഗിരീഷ് പറഞ്ഞു. ആന ശല്യം മൂലം മിക്ക കർഷകരും കൃഷിഭൂമി തരിശിട്ടിരിക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റിയംഗം എസ്.കെ.ജയകാന്തൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL