കൊല്ലം: പത്തനാപുരം കടശേരിയിൽ കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിയായ വൃദ്ധയ്ക്ക് ദാരുണാന്ത്യം. കടശേരി ഉമ്മന്നൂർ വിനോദ് ഭവനത്തിൽ രാജമ്മയാണ് (80) മരിച്ചത്.
ഇന്നലെ രാവിലെ 9 ഓടെയാണ് സംഭവം. ഉമ്മന്നൂർ ഭാഗത്ത് ജോലിക്കെത്തിയതായിരുന്നു രാജമ്മയുൾപ്പെടെയുള്ള സംഘം. തൊഴിലുറപ്പ് മസ്റ്റ്റോളിലേക്ക് ഫോട്ടോ എടുത്തശേഷം നടന്നുപോകുന്നതിനിടെ വനത്തിൽ നിന്ന് ചിന്നംവിളിച്ച് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. മറ്റുള്ളവർ ചിതറി ഓടി രക്ഷപ്പെട്ടു. പ്രായാധിക്യത്താൽ രാജമ്മയ്ക്ക് ഓടാനായില്ല. തുമ്പിക്കൈയിൽ ചുറ്റിയെടുത്ത രാജമ്മയെ ആന ദൂരേക്ക് വലിച്ചെറിഞ്ഞു.
രക്ഷപ്പെട്ട തൊഴിലാളികൾ തിരികെയെത്തി നോക്കിയപ്പോഴാണ് ആന വന്നിടത്തുനിന്ന് 30 മീറ്റർ അകലെ, താഴ്ചയിൽ രാജമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. പിറവന്തൂർ പഞ്ചായത്തിലെ കടശേരി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയാണ്. രാജമ്മയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മക്കൾ: മനോജ്, ലത, പരേതനായ വിനോദ്, മഞ്ജു, മഹേഷ്.
14 ലക്ഷം ധനസഹായം
രാജമ്മയുടെ കുടുംബത്തിന് സർക്കാർ 14 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ജ്യോതികുമാർ ചാമക്കാല എം.എൽ.എ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ആദ്യ ഗഡുവായി 5 ലക്ഷം രൂപ ബന്ധുക്കൾക്ക് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |