SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.53 AM IST

22 ലക്ഷം ലിറ്റർ ശേഷി; എന്നിട്ടും തുള്ളിവെള്ളമില്ല

watertank
വടക്കഞ്ചേരി കരിങ്കുന്നത്ത് നിർമിച്ച കൂറ്റൻ ജലസംഭരണി.

 നാഥനില്ലാതെ മംഗലംഡാം കുടിവെള്ള പദ്ധതി

 കാടുകയറി നശിക്കുന്നത് നാല് പഞ്ചായത്തുകളുടെ കുടിവെള്ള സ്വപ്നം

വടക്കഞ്ചേരി: നിർമ്മാണം പൂർത്തിയായിട്ടും ഉപയോഗിക്കാനാവാതെ നശിക്കുകയാണ് മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതിക്കായി വടക്കഞ്ചേരി കരിങ്കുന്നത്ത് നിർമിച്ച കൂറ്റൻ ജലസംഭരണി. 22 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് നാഥനില്ലാത്ത അവസ്ഥയിൽ കാടുകയറിക്കിടക്കുന്നത്. പ്രദേശത്തെ നാല് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണമാണ് മംഗലംഡാം സമഗ്ര കുടിവെള്ള പദ്ധതി ആരംഭിച്ചത്. 2017ൽ തുടക്കമിട്ട പദ്ധതിയുടെ ഭാഗമായി 2024ലാണ് കരിങ്കുന്നത്തെ ടാങ്ക് നിർമിച്ചത്. എന്നാൽ ഉദ്ഘാടനത്തിന് മുമ്പ് തന്നെ ടാങ്കിന് ചുറ്റും കാടുകയറുകയും ചിലയിടങ്ങളിൽ നേരിയ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ടാങ്കിന്റെ അനുബന്ധ ഉപകരണങ്ങളും നശിച്ചു തുടങ്ങി. സുരക്ഷാ സംവിധാനങ്ങളോ സംരക്ഷണമോ ഇല്ലാത്തതിനാൽ ടാങ്കും പരിസരവും ഇപ്പോൾ ലഹരി സംഘങ്ങളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. ടാങ്കിന് സമീപത്തായി മാലിന്യം കുമിച്ചുകൂട്ടുന്നതും വലിയ ഭീഷണിയാകുന്നുണ്ട്. റിസർവോയറിൽ നിന്ന് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള ഫ്ലോട്ടിംഗ് മോട്ടോർ സംവിധാനത്തിന്റെ ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. പാലക്കുഴിയിലും കവിലുപാറയിലും നിർമ്മിക്കേണ്ട ടാങ്കുകളുടെ പ്രവൃത്തി പൂർത്തിയായിട്ടില്ല. സംഭരണിക്കടുത്തെ ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണവും അപൂർണമാണ്. ഫണ്ട് അനുവദിക്കാത്തതാണ് പദ്ധതിയുടെ മറ്റ് പ്രവൃത്തികൾ തടസ്സപ്പെടാൻ പ്രധാന കാരണമായത്. മണ്ണെടുപ്പ് മൂലമുള്ള സുരക്ഷാഭീഷണി ടാങ്കിനില്ലെന്നും പദ്ധതി പൂർത്തിയാകുന്നതോടെ കുടിവെള്ള വിതരണം ആരംഭിക്കാൻ സാധിക്കുമെന്നുമാണ് ജല അതോറിറ്റി അധികൃതരുടെ വിശദീകരണം. തടസ്സപ്പെട്ട ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും നിർമാണ പ്രവൃത്തികൾ ഉടൻ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL