SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

വൈക്കോലിന് നല്ല വില, ആവശ്യക്കാരും ഏറെ

hay
.

പാലക്കാട്: കാലവർഷക്കുറവുമൂലം രണ്ടാംവിള നെൽക്കൃഷി അനിശ്ചിതത്വത്തിലായതോടെ കന്നുകാലികളുടെ തീറ്റയ്ക്കുള്ള വൈക്കോലിന് ക്ഷാമമുണ്ടാക്കുമെന്ന് ആശങ്ക ശക്തം. ഇതോടെ ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിടങ്ങളിലെല്ലാം വൈക്കോലിന് വൻ ഡിമാൻഡാണ്. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടു നിന്നുമുള്ള കച്ചവടക്കാർ പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലെത്തി വൈക്കോൽ വാങ്ങിത്തുടങ്ങി. യന്ത്രക്കൊയ്ത്തുകഴിഞ്ഞ് പാടത്ത് ചിതറിക്കിടക്കുന്ന വൈക്കോൽ ഒരുദിവസം വെയിലത്ത് ഉണക്കിയശേഷമാണ് ട്രാക്ടറിൽ ഘടിപ്പിച്ച യന്ത്രം (സ്‌ട്രോ ബെയ്ലർ) ഉപയോഗിച്ച് ചുരുട്ടിയെടുക്കുക. മൂന്നടി വീതിയുള്ള ചുരുളാക്കിയെടുക്കാൻ ഒന്നിന് 30 രൂപയാണ് നിരക്ക്. ചിലയിടങ്ങളിൽ 45 രൂപവരെയായിട്ടുണ്ട്. ഒരു ചുരുളിന് കർഷകന് 80 രൂപമുതൽ 100 രൂപവരെ ലഭിക്കും.

നെല്ലിന്റെ വിലപോലെ കാത്തിരിക്കാതെ വില റൊക്കം കിട്ടുമെന്നത് ആശ്വാസമാണ്. കൊയ്ത്തുകൂലിയും നെല്ല് കടത്തുകൂലിയും കൊടുക്കാനുള്ള പണത്തിന് ബുദ്ധിമുട്ടേണ്ടിവരുന്നില്ല. മഴ മാറിനിൽക്കുന്നതിനാൽ വൈക്കോൽ ചുരുളാക്കിയെടുക്കാൻ പ്രയാസമില്ല. ഒന്നാംവിള കൊയ്ത്തുകാലത്ത് മഴയുണ്ടാകുമെന്നതിനാൽ സാധാരണ വൈക്കോൽ കിട്ടാറില്ല. പാടത്ത് ചെളിയിൽ വൈക്കോൽ പൂണ്ടുപോകുകയാണ് പതിവ്. നിലവിൽ മലബാർ മേഖലയിലേക്കും തെക്കൻജില്ലകളിലേക്കുമാണ് വൈക്കോൽ കയറ്റിപ്പോകുന്നത്. കൊയ്ത്ത് വ്യാപകമാകുന്നതോടെ പൊള്ളാച്ചി ഭാഗത്തുനിന്നുള്ള കച്ചവടക്കാരുമെത്തും. വൻകിട കന്നുകാലി ഫാമുകാരാണ് വൈക്കോൽ വാങ്ങി സൂക്ഷിക്കുന്നത്. വൈക്കോൽ വില ചുരുളിന് 150 രൂപയാകുമെന്നാണ് സൂചനയെന്ന് വ്യാപാരികൾ പറഞ്ഞു. നെൽക്കർഷകർക്ക് കിട്ടുന്നതിന്റെ ഇരട്ടിവിലയ്ക്കാണ് വൈക്കോൽ ക്ഷീരകർഷകർക്ക് ലഭിക്കുന്നത്. ജില്ലയിൽ ഒന്നാംവിളക്കാലത്ത് 30,000 ഹെക്ടറിലാണ് നെൽക്കൃഷി. ഒരു ഹെക്ടറിൽനിന്ന് ശരാശരി 12,500 രൂപയുടെ വൈക്കോൽ വിൽക്കാം. 37.5 കോടിരൂപയുടെ വൈക്കോലാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ സ്വന്തം ആവശ്യത്തിന് എടുത്തുവെക്കുന്നതും ജില്ലയിലെ ക്ഷീരകർഷകർ വാങ്ങുന്നതും ഒഴിവാക്കിയാൽ 25 കോടിയുടെ വൈക്കോൽ മറ്റു ജില്ലകളിലേക്ക് കയറ്റിപ്പോകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL