മുതലമട: ലോകം കാണാൻ കൊതിക്കുന്ന പറമ്പിക്കുളം ടൈഗർ റിസർവ്വിന്റെ മണ്ണിൽ ആദിവാസി ഊരുകൾ വൈദ്യുതിക്കായി ഇന്നും ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. ഡാമിന്റെ മതിൽക്കെട്ടിനുള്ളിൽ താമസിക്കുന്ന തേക്കടി, ഊരിലെയും പൂപ്പാറ, കുരിയാർകുറ്റി ഊരുകളിലെയും സുങ്കം, അല്ലിമൂപ്പൻ, മുപ്പതേക്കർ, കച്ചിത്തോട്, പി.എ.പി, കുരിയാർകുറ്റി എന്നിവിടങ്ങളിൽ 200ഓളം ആദിവാസി കുടുംബങ്ങൾക്ക് ഇന്നും കെ.എസ്.ഇ.ബിയുടെ കണക്ഷൻ ഇല്ല. അവർ ആശ്രയിക്കുന്നത് സോളാറിനെയാണ്. അതാകട്ടെ പൂർണമായി എല്ലാ കുടുംബങ്ങളിൽ എത്തിയിട്ടുമില്ല. കടവ്, എർത്ത്ഡാം ഉന്നതികളിലുള്ളവർ തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിന്റെ (ടി.എൻ.ഇ.ബി) ലൈനിനെയാണ് ആശ്രയിക്കുന്നത്. കാറ്റും മഴയും വന്നാൽ ലൈൻ പൊട്ടും. ദിവസങ്ങളോളം വൈദ്യുതി ഉണ്ടാകില്ല. പരാതി പറയാൻ ചെന്നാൽ അതിർത്തി തർക്കം.
നമ്മുടെ വെള്ളം, അവരുടെ വെളിച്ചം
പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം എന്നീ മൂന്ന് ഡാമിലെയും വെള്ളം 2.5 കി.മീറ്റർ ഭൂഗർഭ തുരങ്കം വഴി ഒന്നിപ്പിച്ച്, സർക്കാർപതി പവർ ടണൽ വഴി തമിഴ്നാട്ടിലെ ടോപ് സ്ലിപ്പിന് സമീപമുള്ള സർക്കാർപതി പവർ ഹൗസിലേക്ക് തിരിച്ചു വിടുന്നു. അവിടെ 30 മെഗാവാട്ട് ടർബൈൻ ഉപയോഗിച്ച് വർഷം 162 എം.യു(ദശലക്ഷം യൂണിറ്റ്) വൈദ്യുതി ഉണ്ടാക്കുന്നു. ആ വൈദ്യുതി മുഴുവൻ തമിഴ്നാടിന്.
കടുത്ത പ്രതിഷേധത്തിൽ ജനങ്ങൾ
1960കളിലെ പറമ്പിക്കുളം ആളിയാർ കരാർ(പി.എ.പി) പ്രകാരം കേരളത്തിന് പ്രത്യേകിച്ച് ചിറ്റൂർ താലൂക്കിന് വർഷം 7.25 ടി.എം.സി ജലം ലഭിക്കേണ്ടതാണ്. എന്നാൽ പല വർഷവും കരാർ പ്രകാരമുള്ള ജലം ലഭിക്കാത്തത് കൊണ്ട് മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, വടകരപ്പതി മേഖലയിലെ ആയിരക്കണക്കിന് ഏക്കർ നെൽകൃഷി നശിക്കുന്നു. നമ്മുടെ വെള്ളം കൊണ്ടുപോയി അവർ വെളിച്ചത്തിൽ ഇരിക്കുമ്പോൾ, ഞങ്ങൾ ഇവിടെ ഇരുട്ടിൽ കഴിയണോ എന്നാണ് മുതലമടയിലെയും പറമ്പിക്കുളത്തെയും ജനങ്ങൾ ചോദിക്കുന്നത്. കേരള സർക്കാർ പി.എ.പി കരാർ അടിയന്തരമായി പുനഃപരിശോധിക്കണം. പറമ്പിക്കുളത്തെ എല്ലാ ഊരുകളിലും കെ.എസ്.ഇ.ബിയുടെ വൈദ്യുതി എത്തിക്കണം. മുതലമടയ്ക്കുൾപ്പെടെ ചിറ്റൂർ താലൂക്കിൽ അർഹമായ വെള്ളവും ഉറപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |