വാളയാർ: കഞ്ചിക്കോട് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിനെയും(ബി.ഇ.എം.എൽ) കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന റെയിൽ കണക്ടിവിറ്റി പദ്ധതി കടലാസിൽ ഒതുങ്ങുന്നു. പ്രതിരോധ മന്ത്രാലയത്തിന് വാഹനങ്ങൾ നിർമ്മിക്കുന്ന രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനത്തിന്റെ വികസനത്തിനു വഴിയൊരുക്കുന്ന പദ്ധതിയാണ് ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നത്. 2010 ൽ കഞ്ചിക്കോട് ബി.ഇ.എം.എൽ പ്രവർത്തനം തുടങ്ങുമ്പോൾ തന്നെ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരുന്നു. കണക്ടിവിറ്റിക്ക് വേണ്ട ഭൂമി ലഭ്യമാക്കാമെന്ന് സംസ്ഥാന സർക്കാർ അന്ന് ഉറപ്പ് നൽകിയിരുന്നു. പിന്നീട് ഭൂമി ഏറ്റെടുക്കലിൽ തടസങ്ങളുണ്ടായി. സാങ്കേതിക അനുമതി നേടുന്നതിലും തടസം നേരിട്ടു. പദ്ധതി ഉപേക്ഷിച്ച നിലയിലായി. 16 വർഷം പിന്നിട്ടിട്ടും പദ്ധതി ഫയലുകളിൽ ഉറങ്ങുകയാണ്. കഞ്ചിക്കോട് ബി.ഇ.എം.എൽ യൂണിറ്റിനെ റെയിൽവേ ലൈനുമായി ബന്ധിപ്പിക്കുന്ന ട്രാക്ക് ഇല്ലാത്തതിനാൽ ഗതാഗത ചിലവിനത്തിൽ വലിയ തുക നഷ്ടം വരുന്നുണ്ട്. ഇവിടെ നിർമ്മിക്കുന്ന റെയിൽ മെട്രോ കോച്ചുകളും പ്രതിരോധ വാഹനങ്ങളും റോഡ് മാർഗമാണ് ബെംഗളൂരുവിൽ എത്തിക്കുന്നത്. സെമി ഫിനിഷ്ഡ് യൂണിറ്റുകളാണ് ഇവിടെ നിന്ന് ലോറികളിൽ കൊണ്ടുപോകുന്നത്. ബെംഗളൂരുവിലെ യൂണിറ്റിൽ വെച്ചാണ് ചക്രങ്ങളും മറ്റും ഘടിപ്പിക്കുന്നത്. കഞ്ചിക്കോട് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ നേരിട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ കഴിഞ്ഞാൽ പ്രതിവർഷം വലിയ തുക ലാഭമുണ്ടാക്കാനാകും. കഞ്ചിക്കോട് വ്യവസായ മേഖലയിൽ 375 ഏക്കറോളം വിസ്തൃതിയുള്ള ഭൂമിയിലാണ് ബി.ഇ.എം.എൽ കോംപ്ലക്സ് പ്രവർത്തിക്കുന്നത്. ഫാക്ടറിക്ക് അകത്ത് കോച്ച് നിർമ്മാണത്തിനായി ബ്രോഡ്‌ഗേജ്, സ്റ്റാൻഡേർഡ് ഗേജ് ട്രാക്കുകൾ ഒരുക്കിയിട്ടുണ്ട്. ഇതിനെ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്രധാന ലൈനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സ്തംഭനാവസ്ഥയിലുള്ളത്. ബി.ഇ.എം.എൽ മാനേജ്‌മെന്റും തൊഴിലാളികളും ഇപ്പോഴും ഈ ആവശ്യം ഉയർത്തുന്നുണ്ട്. പക്ഷെ സർക്കാർ തലത്തിൽ നടപടികൾ ഉണ്ടാകുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |