
പത്തനംതിട്ട : വായനയും ചിന്തയും ഭാഷയും ഇല്ലാത്തവർ നയിക്കുന്ന സമാന്തര വാർത്താവിനിമയ ലോകം അപകടകരമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് അതിവേഗ ചിത്രകാരൻ ഡോ.ജിതേഷ് ജി പറഞ്ഞു. കേരളകൗമുദിയുടെ 114-ാമത് സ്ഥാപക ദിനാഘോഷം പത്തനംതിട്ട യൂണിറ്റ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ടിയെയും യേശുദാസിനെയും മന്ത്രിമാരെയും അറിയാത്ത തലമുറ വളരുന്നത് ഭയപ്പെടുത്തുന്നു. രാഷ്ട്രീയക്കാർക്ക് ചവിട്ടി നിൽക്കുന്ന മണ്ണ് നഷ്ടപ്പെടുകയാണ്. ചരിത്രവും വേരുകളും അറിയാൻ താൽപ്പര്യമില്ലാത്തവരാണ് പുതുതലമുറ. ഇവരുടെ ഇടയിൽ സത്യവും ധർമ്മവും പുലരാൻ കണ്ണ് തുറന്നുവച്ചിരിക്കുന്നവരാണ് പത്ര പ്രവർത്തകർ. വായന സർഗാത്മകത വളർത്തും. വായനയെ പ്രോജ്വലിപ്പിക്കുന്ന പത്രമാണ് കേരളകൗമുദി. സത്യസന്ധതയും നിഷ്പക്ഷതയും തിരിച്ചറിയണമെങ്കിൽ കേരളകൗമുദി വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.
ഭാഷാശുദ്ധി, ചിന്തകൾക്കുള്ള പ്രേരണ എന്നിവയാണ് കേരളകൗമുദിയുടെ പ്രത്യേകതയെന്ന് മുഖ്യപ്രഭാഷണം നടത്തിയ മെഴുവേലി ശ്രീനാരായണഗുരു കോളേജ് പ്രിൻസിപ്പൽ പ്രൊഫ.മാലൂർ മുരളീധരൻ പറഞ്ഞു.
വാർത്തയിലെ സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും കാത്തുസൂക്ഷിക്കുന്ന കേരളകൗമുദി പത്രം ശരിയുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും സാമൂഹിക പ്രവർത്തനത്തിന് ശരിയായ പ്രോസ്താഹനം നൽകുന്നുവെന്നും സാമൂഹിക പ്രവർത്തകയും നാരീശക്തി പുരസ്കാര ജേതാവുമായ ഡോ.എം.എസ്.സുനിൽ പറഞ്ഞു. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് അധികൃതർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ കേരളകൗമുദി മുന്നിലാണെന്ന് സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ പറഞ്ഞു.
സ്ഥാപക ദിനത്തോടനുബന്ധിച്ച് കേരളകൗമുദി പുറത്തിറക്കിയ പ്രത്യേക പതിപ്പ് ഡോ.എം.എസ്.സുനിലിന് നൽകി ഡോ.ജിതേഷ്ജി പ്രകാശനം ചെയ്തു. കേരളകൗമുദി ബ്യൂറോ ചീഫ് എം.ബിജുമോഹൻ, ഡെസ്ക് ചീഫ് വിനോദ് ഇളകൊള്ളൂർ, സീനിയർ പ്രതിനിധി സി.വി.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |